X

ആറാം ഘട്ട ജനവിധി 59 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്


ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട ജനവിധി ഇന്ന് നടക്കും. ഏഴ് സംസ്ഥാനങ്ങളിലായി 59 ലോക്‌സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ബിഹാര്‍(എട്ടു മണ്ഡലങ്ങള്‍), ഹരിയാന(പത്ത്), ജാര്‍ഖണ്ഡ്(നാല്), മധ്യപ്രദേശ് (ഏഴ്), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (എട്ട്), ഡല്‍ഹി (ഏഴ്) എന്നിങ്ങനെയാണ് വിധിയെഴുതുന്ന മണ്ഡലങ്ങളുടെ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക്. ഇതില്‍ ഡല്‍ഹിയിലെ ആകെയുള്ള ഏഴ് സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളെല്ലാം ഒന്നിലധികം ഘട്ടങ്ങളിലായി വിധിയെഴുതുന്നവയാണ്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായിട്ടുണ്ട്. കാലത്ത് ഏഴ് മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് പോളിങ്. അതേസമയം നക്‌സല്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ബിഹാറിലെയും ജാര്‍ഖണ്ഡിലേയും ചില ബൂത്തുകളില്‍ വൈകീട്ട് നലു മണി വരെയായിരിക്കും പോളിങ്. ബൂത്തുപിടുത്തവും മറ്റു ക്രമക്കേടുകളും കാരണം റീ പോളിങിന് ഉത്തരവിട്ട ത്രിപുരയിലെ 168 ബൂത്തുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഇവിടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി കമ്മീഷന്‍ വ്യക്തമാക്കി. പശ്ചിമബംഗാളിലേയും ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും സംഘര്‍ഷസാധ്യതാ ബൂത്തുകളിലും പ്രത്യേക സുരക്ഷാക്രമീകരണം ഒരുക്കിയിട്ടുണ്ട്.
മെയ് 19നാണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. എട്ടു സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍ കൂടി അവസാന ഘട്ടത്തില്‍ വിധിയെഴുതുന്നതോടെ പതിനേഴാം ലോക്‌സഭയിലേക്കുള്ള ജനവിധി പൂര്‍ത്തിയാകും. ഏപ്രില്‍ 11 മുതല്‍ ഏഴു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ ഫലം മെയ് 23ന് പുറത്തു വരുന്നതോടെ രാജ്യഭരണം ആരുടെ കൈകളിലെന്ന് വ്യക്തമാകും. ഫലമറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്.

web desk 1: