ഡല്‍ഹി: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ളവര്‍ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പില്‍ തിരിച്ചടിയായത് ചീഫ് ജസ്റ്റിസ് എന്‍വി രമണ ചൂണ്ടിക്കാട്ടിയ ഉത്തരവ്. ആറു മാസത്തില്‍ താഴെ മാത്രം സര്‍വീസുള്ള ഉദ്യോഗസ്ഥരെ ഡയറക്ടര്‍ പോസ്റ്റിലേക്കു പരിഗണിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ വിധി ചീഫ് ജസ്റ്റിസ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതുവരെ പരിഗണിക്കപ്പെടാതിരുന്ന കാര്യമാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നയിച്ചത്.
ഇതോടെ ജൂണ്‍ 20ന് വിരമിക്കുന്ന ലോക്‌നാഥ് ബെഹ്‌റ, ഓഗസ്റ്റ് 31ന് വിരമിക്കുന്ന രാകേഷ് അസ്താന, മേയ് 31ന് വിരമിക്കുന്ന എന്‍ഐഎ മേധാവി വൈ.സി. മോദി എന്നിവര്‍ അയോഗ്യരാകുകയായിരുന്നു. കൂടാതെ സിഐഎസ്എഫ് മേധാവി സുബോദ് കുമാര്‍ ജസ്വാള്‍, എസ്എസ്ബി ഡയറക്ടര്‍ ജനറല്‍ കെ.ആര്‍.ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. ഇതില്‍ സീനിയര്‍ ആയ സുബോദ് കുമാറിനാണ് മുന്‍തൂക്കമെന്നാണു റിപ്പോര്‍ട്ട്.
സിബിഐ ഡയറക്ടര്‍ ആര്‍.കെ. ശുക്ല ഫെബ്രുവരിയില്‍ വിരമിച്ചതിനെ തുടര്‍ന്ന് അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയാണ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.