X

ബെഹ്‌റയെ ‘വിരമിക്കാന്‍’ വിടാതെ സര്‍ക്കാര്‍; വിരമിക്കുന്നതിനു മുമ്പ് മറ്റൊരു തസ്തികയില്‍ നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയോട് പ്രത്യേക പരിഗണന തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കമീഷന്‍ മാറ്റും മുമ്പുതന്നെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാനത്തെ മറ്റൊരു ഉന്നതപദവിയില്‍ അവരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. മുഖ്യ വിവരാവകാശ കമീഷണറായോ നെടുമ്പാശ്ശേരി വിമാനത്താവളം എം.ഡി യായോ നിയമിക്കുന്നതാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്.

സിയാല്‍ എം.ഡി വി.ജെ. കുര്യന്റെ കാലാവധി 2021 ജൂണില്‍ അവസാനിക്കും. 2017-ല്‍ വിരമിച്ച കുര്യന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ബെഹ്‌റ ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിക്കുന്നതും ജൂണിലാണ്. 2020 നവംബറിലാണ് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍ വിരമിക്കുന്നത്. നിലവില്‍ സുപ്രീംകോടതി ജഡ്ജിയുടെ റാങ്കാണെങ്കിലും കേന്ദ്രഭേദഗതി വന്നതോടെ ഈ തസ്തിക ചീഫ് സെക്രട്ടറി റാങ്കിലേക്ക് താഴും.

വിരമിച്ചാലും കുറേ വര്‍ഷങ്ങള്‍ വീണ്ടും തുടരാനാകും. രണ്ട് ലക്ഷത്തിലധികം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കാറും ഔദ്യോഗിക വസതിയും സ്റ്റാഫുമെല്ലാം ലഭിക്കും. നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ സ്ഥാനപതി വേണു രാജാമണി കാലാവധി കഴിഞ്ഞെത്തുമ്പോള്‍ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കുന്നതും ആലോചനയിലുണ്ട്. അതിനാലാണ് ബെഹ്‌റയെ സിയാലിലേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.

നാല് വര്‍ഷത്തിലധികമായി ഡി.ജി.പി പദവിയിലുള്ള ബെഹ്‌റയെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കമീഷന്‍ മാറ്റാന്‍ സാധ്യതയുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റക്ക് പുതിയ നിയമനം നല്‍കാനും ഇടയുണ്ട്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ഋഷിരാജ് സിങ്ങോ േടാമിന്‍ ജെ. തച്ചങ്കരിയോ ഡി.ജി.പിയാകാനാണ് സാധ്യത. നിലവില്‍ ഡി.ജി.പി തസ്തികയിലുള്ള ആര്‍. ശ്രീലേഖ ഡിസംബറില്‍ വിരമിക്കും.

chandrika: