തിരുവനന്തപുരം: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. 17 ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. ഇതില്‍ ബെഹ്‌റയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
34 പേരുടെ പട്ടിക 17 പേരിലേക്ക് ചുരുക്കുകയായിരുന്നു. സി.ബി.ഐ തലപ്പത്ത് ഡയറക്ടര്‍ അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജോയന്റ് ഡയറക്ടര്‍ നാഗേശ്വര റാവുവിനാണ് പകരം താത്കാലികമായി ചുമതല നല്‍കിയത്. സി.ബി.ഐ നേതൃത്വത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സി.ബി.ഐക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എ.എസ്.പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയും കൊച്ചി പൊലീസ് കമ്മിഷണര്‍, പൊലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി. നവീകരണം എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഡീഷ സ്വദേശിയാണ്.