X

‘ ഒരാക്രമണവും ഉണ്ടാവില്ല, കേരളം സുരക്ഷിതം’; ഇതരസംസ്ഥാന തൊഴിലാളികളെ ഹിന്ദിയിലും ബംഗാളിയിലും അഭിസംബോധന ചെയ്ത് ഡി.ജി.പി

തിരുവനന്തപുരം: കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്ന് ബെഹ്‌റ രംഗത്തെത്തുകയായിരുന്നു.

തൊഴിലാളികളെ അഭിസംബോധന ചെയ്ത് ഹിന്ദിയിലും ബംഗാളിയിലും ഡി.ജി.പി കാര്യങ്ങള്‍ വിശദീകരിച്ചു. കേരളം സുരക്ഷിതമായ നാടാണ്. ഒരാക്രമണവും ഇവിടെ ഉണ്ടാവില്ല. മറിച്ചുള്ള തെറ്റായ പ്രചരണങ്ങളില്‍ വീണുപോകരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കേരളപോലീസ് ആരംഭിച്ചിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് താമസസൗകര്യവും ചികിത്സാ സംവിധാനങ്ങളും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും ഒരുക്കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പൊതുജനങ്ങള്‍ മാറിനില്‍ക്കണം. പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന പ്രചാരണം ശക്തമായത്. അടുത്തിടെ കോഴിക്കോട്ടെ ഒരു പുതിയ ഹോട്ടലില്‍ ഇതരസംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നത്.

chandrika: