ലോകായുക്ത ജനങ്ങളെയും നിയമ വ്യവസ്ഥയെയും കളിയാക്കുകയാണ് ചെയ്തതെന്ന് ഇടതുപക്ഷ ചിന്തകന്‍ ഡോ. എം. ആസാദ് അഭിപ്രായപ്പെട്ടു.2018 സെപ്തംബറില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയില്‍ അത് ലോകായുക്തക്ക് സ്വീകരിക്കാവുന്ന കേസാണോ എന്നതു സംബന്ധിച്ചു വിശദമായ വാദപ്രതിവാദങ്ങള്‍ക്കു ശേഷം 2019 ജനവരിയില്‍ ഫുള്‍ബഞ്ച് വിധി വന്നതാണ്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും വിചാരണ വേണ്ടതാണെന്നുമായിരുന്നു വിധി. കേസ് രണ്ടംഗ ബഞ്ചിന് വിട്ടു.
ഒരിക്കല്‍ തീരുമാനമായ കാര്യത്തിലാണ് ഇപ്പോള്‍ (കേസ് ലോകായുക്തക്ക് പരിശോധിക്കാവുന്നതാണോ എന്ന വിഷയം) അനവസരത്തില്‍ സംശയം ഉന്നയിക്കുന്നത്. സാധാരണ പൗരനാണ് ഈ ആശങ്ക നിലനിര്‍ത്തുന്നതെങ്കില്‍ കോടതിയലക്ഷ്യമാകുന്ന കാര്യമാണ്. മാത്രമല്ല, ഒരിക്കല്‍ വാദം കേട്ട കേസുതന്നെ വീണ്ടും വാദം കേള്‍ക്കണമത്രെ. 2022 ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 18 വരെയായിരുന്നു നേരത്തെ വാദം കേട്ടത്. അതില്‍ വിധി പറഞ്ഞില്ല. രണ്ടംഗബെഞ്ചിന് കേസ് വിട്ടത് മൂന്നംഗബഞ്ചാണ്. ഇപ്പോള്‍ രണ്ടംഗബെഞ്ച് കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണത്രെ. ഇത് നിയമത്തെയും പൗരസമൂഹത്തെയും കളിയാക്കുന്ന നിശ്ചയമല്ലെന്ന് എങ്ങനെ പറയാനാവും?
2022 മാര്‍ച്ചില്‍ പൂര്‍ത്തിയായ വിചാരണക്കു ശേഷം വിധി പറയാന്‍ മടിച്ചു നിന്ന ലോകായുക്ത, പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ലജ്ജാകരമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഒരിക്കല്‍ തീര്‍പ്പായ കാര്യത്തില്‍ വീണ്ടും സന്ദേഹം ഉന്നയിക്കുക, ഫുള്‍ബെഞ്ച് തീരുമാനം അട്ടിമറിക്കുക, വാദം പുര്‍ത്തിയായിട്ടും വിധി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുക, പ്രതിസ്ഥാനത്തു വരുന്നവരെ സഹായിക്കുന്ന നടപടിക്രമം അവലംബിക്കുക എന്നിങ്ങനെ തീര്‍ത്തും സംശയകരമായ നിലപാടും പ്രവൃത്തിയുമാണത്. ലോകായുക്തയുടെ സ്വതന്ത്രവും നീതിയുക്തവുമായ നിലനില്‍പ്പാണ് ആരോപണ വിധേയര്‍ക്ക് അടിയറ വെച്ചിരിക്കുന്നത്. ഇത് പ്രകടമായ പക്ഷംചേരലല്ലേ? അങ്ങനെയെങ്കില്‍ എന്തിനാണ് ലോകായുക്ത? എന്തിനാണ് നീതിന്യായ സംവിധാനങ്ങള്‍? അവയുടെ മാന്യതക്കും പരിപാവനതയ്ക്കുമാണ് ക്ഷതമേല്‍പ്പിച്ചിട്ടുള്ളത്.
സര്‍ക്കാറിന്റെ മുഖം കുറെകൂടി വികൃതമായിരിക്കുന്നു. ലോകായുക്ത നിയമം കൊണ്ടുവരാനും ലോകായുക്തയെ ദുര്‍ബ്ബലപ്പെടുത്താനും കാണിച്ച ധൃതി നമ്മുടെ മുന്നിലുണ്ട്. ലോകായുക്തയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചില്ലെന്ന് കരുതാനാവുമോ? ലോകായുക്ത ഭയക്കുന്നതാരെയാണ്? വിധി പറയാന്‍ അനിശ്ചിതകാലം മാറ്റി വെച്ചതെന്തിനാണ്? അവസാനം വിധി പറയാന്‍ നിര്‍ബന്ധിതമായപ്പോള്‍ അതിന് ഞങ്ങള്‍ക്ക് അധികാരമുണ്ടോ എന്ന് ഫുള്‍ബെഞ്ച് വിധിപോലും മറച്ചുവെച്ച് സന്ദേഹം ജനിപ്പിച്ചത് എന്തിനാണ്? എന്തിനുള്ള വെപ്രാളമാണ് ലോകായുക്തയുടെ വിധിയില്‍ തിളയ്ക്കുന്നത്?
സത്യം പറയാനുള്ള നാവുകള്‍ കെട്ടിയിടപ്പെടുന്നുവെങ്കില്‍ നാം ജീവിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തല്ല എന്നു തിരിച്ചറിയണം. ശത്രു പലരൂപത്തിലും ഭാവത്തിലും നമുക്ക് മുന്നില്‍ നില്‍ക്കുന്നുവെന്ന് മനസ്സിലാക്കണം. കുറെ കൂടി ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങണം.
ആസാദ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.