X

ലോകായുക്ത-കെ റെയില്‍;ഇടതില്‍ പോര് കടുക്കുന്നു

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെയും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയും സി.പി.ഐ നിലപാട് കടുപ്പിക്കുമ്പോള്‍ സി.പി.എമ്മിന് കാലിടറുന്നു. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ എതിര്‍പ്പിനെ മറികടന്ന് ലോകായുക്ത നിയമം ഭേദഗതി ചെയ്യാനും കെ റെയില്‍ പദ്ധതി നടപ്പിലാക്കാനും സി.പി.എം നന്നായി വിയര്‍ക്കേണ്ടിവരും.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐയുടെ പരസ്യനിലപാട് മുന്നണിയുടെ താളം തെറ്റിക്കുന്ന സൂചനയുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച പല ചോദ്യങ്ങളോടും ‘നോ കമന്റ്‌സ്’ ആയിരുന്നു കോടിയേരിയുടെ മറുപടി. രണ്ട് വിഷയങ്ങളിലും സി.പി.ഐ ഉയര്‍ത്തിയ വെല്ലുവിളി അത്രവേഗം പരിഹരിക്കപ്പെടാന്‍ ഇടയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണവും.

ലോകായുക്ത നിയമം ഭേഗദതി ചെയ്യണമെന്ന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നതാണെന്നും മുന്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന വി.ജി ഗോവിന്ദന്‍ നായര്‍ ശുപാര്‍ശ ചെയ്തിരുന്നെന്നുമാണ് കോടിയേരി പറയുന്നത്. പല നിയമജ്ഞന്മാരും ഇത് ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നതായും നിയമസഭ ചേരാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്നതു വരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടിയേരി വ്യക്തമാക്കുന്നു.വി.എസ് സര്‍ക്കാരിന്റെ കാലം മുതലുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള നടപടിയെന്ന് കോടിയേരി പറയുമ്പോള്‍ മുന്നണിയുടെ നയപരമായ തീരുമാനമല്ലെന്ന് വാദിക്കുന്ന സി.പി.ഐയെ കൂടുതല്‍ ചൊടിപ്പിച്ചേക്കും. നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. കാനത്തിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.ഐയുമായി ചര്‍ച്ച ചെയ്യാമെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇത്തരം വിഷയങ്ങള്‍ മന്ത്രിസഭായോഗത്തില്‍ വരുമ്പോള്‍ ഏതെങ്കിലുമൊരു ഘടകകക്ഷിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് മാറ്റിവെക്കുകയും വിശദമായി ചര്‍ച്ച നടത്തുകയും ചെയ്യാറാണ് പതിവെന്നും അത്തരത്തിലൊരു സാഹചര്യം മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നുമാണ് കോടിയേരി പറഞ്ഞത്.

ലോകായുക്ത നിയമഭേദഗതി വിഷയം മന്ത്രിസഭയില്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തിയാണ് സി.പി.ഐ നേതൃത്വം മന്ത്രിമാരെ കുറ്റപ്പെടുത്തിയത്.

കെ റെയിലുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ എതിര്‍പ്പിനെ സി.പി.എം പ്രത്യക്ഷത്തില്‍ തള്ളുകയാണെങ്കിലും അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷ തീരെയില്ല. ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതിയുടെ ആവശ്യമില്ലെന്നാണ് കാനം പരസ്യനിലപാട് സ്വീകരിച്ചത്. ഇത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കെ റെയില്‍ പ്രകടനപത്രികയിലുള്ള പദ്ധതിയാണെന്നും സി.പി.ഐക്ക് എതിര്‍പ്പുള്ളതായി അവര്‍ അറിയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

Test User: