X

മന്ത്രി ബിന്ദുവിന് എതിരെയുള്ള ലോകായുക്തകേസ്:വിധി നാലിന്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ മന്ത്രി ആര്‍. ബിന്ദു അനധികൃതമായി ഇടപെട്ടതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതി, സ്വീകരിക്കുന്നത് സംബന്ധിച്ച് നാലിന് ഉത്തരവിടും. അന്നുതന്നെയാണ് ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പെടെ 18 പേരെ പ്രതിയാക്കിയുള്ള ഹര്‍ജിയില്‍ അവസാന വാദം കേള്‍ക്കുക.

സെര്‍ച്ച് കമ്മിറ്റി റദ്ദാക്കണമെന്നും പുനര്‍നിയമനം നല്‍കണമെന്നുമുള്ള മന്ത്രിയുടെ ശുപാര്‍ശ അധികാര ദുര്‍വിനിയോഗമാണെന്നാണ് ഹര്‍ജിക്കാരനായ ചെന്നിത്തലയുടെ പരാതി. എന്നാല്‍ നിയമനം സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ സെക്രട്ടറി മന്ത്രിക്ക് എഴുതിയ കത്ത് ഇന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. മന്ത്രി സ്വമേധയാ കത്തെഴുതിയതല്ലെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതു കൊണ്ട് മാത്രമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയത്.

Test User: