ദുബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായണിന്റെ 30 വര്‍ഷത്തെ സംഗീത യാത്ര ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന പേരില്‍ ഇന്ത്യയില്‍ നിന്നുള്ള കലാകാരന്‍മാരെയും സംഗീതജ്ഞരെയും ഉള്‍പ്പെടുത്തി ദുബൈ ഇത്തിസാലാത്ത് അക്കാദമി ഓഡിറ്റോറിയത്തില്‍ നവംബര്‍ 9ന് സംഗീത മഹാമേള നടത്തുന്നു. ദുബൈയിലെ സംഗീത പ്രേമികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന സംഗീത സന്ധ്യയില്‍ കെ.ജെ യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം, കെ.എസ് ചിത്ര, ശ്രീനിവാസ്, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, മഞ്ജരി, ശിവമണി, സ്റ്റീഫന്‍ ദേവസ്സി, രാജേഷ് വൈദ്യ, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ആശാ ശരത്, മോഹിനി ദേ എന്നിവര്‍ക്ക് പുറമെ പ്രമുഖ ഹിന്ദുസ്ഥാനികര്‍ണാടക സംഗീതജ്ഞമാരായ ഉസ്താദ് ദില്‍ഷാദ് ഖാന്‍, ഓജസ് ആദിത്യ, റോണോ മജുന്‍ഡാര്‍, രവി ചാരി, ഗിരിധര്‍ ഉടുപ്പ തുടങ്ങി നൂറോളം പ്രഗല്‍ഭ കലാകാരന്‍മാര്‍ പങ്കെടുക്കും. പണ്ഡിറ്റ് രമേശ് നാരായണ്‍, തോഷിബ വൈസ് പ്രസിഡന്റ് സന്തോഷ് വര്‍ഗീസ്, യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ ഹെഡ് വിനോദ് നമ്പ്യാര്‍, തറവാട് ഗ്രൂപ് ഡയറക്ടര്‍ ബിജു കോശി, മീഡിയ പാര്‍ക് ഡയറക്ടര്‍മാരായ യല്‍ദോ എബ്രഹാം, ശുഭ ഹരിപ്രസാദ്, ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രാജു പയ്യന്നൂര്‍, പ്രോഗ്രാം അഡ്മിന്‍ സഞ്ജീവ് മേനോന്‍, ഗായിക മധുശ്രീ എന്നിവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.