X

പ്രവാസിക്ക് വേണ്ടാത്ത ലോക കേരള സഭ

സദക്കത്തുള്ള സി.പി കോട്ടക്കല്‍

സംസ്ഥാന സര്‍ക്കാര്‍ മൂന്നാം ലോക കേരള സഭക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രാഥമികമായി ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. അതോടെ ലോക കേരള സഭ നടത്തിപ്പിലെ ഇടനിലക്കാരുടെ വായില്‍ വെള്ളമൂറിത്തുടങ്ങുകയും ചെയ്തു. 2018 ജനവരി 12,13 ന് നടത്തിയ പ്രഥമ സഭ തന്നെ പ്രഹസനമായിമാറിയെന്ന ആക്ഷേപം പ്രവാസലോകത്ത് ശക്തമായിരുന്നു. സ്വന്തക്കാരെ തെരഞ്ഞെടുത്തുള്ള ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്കുള്ള ദുരിതത്തിന് ഒരറുതിയും ഉണ്ടായിട്ടില്ല എന്ന് പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ആര്‍ക്കൊക്കെയോ കീശ വീര്‍പ്പിക്കാനുള്ള വഴികളായി ഈ സംരംഭം മാറുന്നുവോ എന്ന് സംശയിച്ച പ്രവാസിയുടെ ഊഹത്തിനു അടിവരയിടുന്ന വാര്‍ത്തകളാണ് 2020 ജനുവരി 1,2,3 തിയ്യതികളില്‍ നടന്ന രണ്ടാം എപ്പിസോഡുമായുള്ള പത്രവാര്‍ത്തകള്‍ മനസ്സിലാക്കിതന്നത്. ഡെലിഗേറ്റ്‌സിന്റെ ഭക്ഷണ താമസ ചെലവ് മാത്രം ഒരു കോടി രൂപയായിരുന്നെന്നു വാര്‍ത്തയിലറിഞ്ഞ സാധാരണ പ്രവാസി തലയില്‍ കൈവെക്കുന്ന അവസ്ഥയും കേരളം കണ്ടതാണ്. നാല്‍പത്തി ഏഴ് വിദേശ രാജ്യങ്ങളില്‍നിന്നും ഇരുപത്തി ഒന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്ത 282 പ്രതിനിധികള്‍ക്കാണ് ഇത്ര ഭീമമായ സംഖ്യ പൊടിപൊടിച്ചത്. സര്‍ക്കാരിന്റെ ധൂര്‍ത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചു യു.ഡി.ഫ് അനുകൂല പ്രതിനിധികളായ 69 പേര്‍ പരിപാടിയില്‍നിന്നു വിട്ടുനിന്നിരുന്നു. ഒരു പ്രതിനിധിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് ഏകദേശം 4400 രൂപയോളം ചെലവാക്കി എന്ന കണക്ക് കേട്ട,് ജോലി നഷ്ടമായി നാട്ടിലെത്തി മുഴുപ്പട്ടിണിയില്‍ കഴിയുന്ന പല പ്രവാസി കുടുംബങ്ങളും നെടുവീര്‍പ്പിട്ടതും കേരളം കണ്ടതാണ്. ഭക്ഷണത്തിന് 59.82 ലക്ഷവും ആഢംബര താമസത്തിന് 312 മുറികള്‍ക്കായി ഹോട്ടലുകള്‍ക്ക് 23.42 ലക്ഷവുമാണ് കഴിഞ്ഞ ലോക കേരള സഭക്കായി എത്തിയ പ്രവാസലോകത്തെ കൂടുതലും സമ്പന്നരും അതിസമ്പന്നരുമുള്‍പ്പെട്ട പ്രതിനിധികള്‍ക്കായി പൊടിപൊടിച്ചത്.

മൂന്നാം എപ്പിസോഡിനായുള്ള ഒരു കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവോടെ ഭരണാധികാരികള്‍ പ്രവാസികളെ കൊഞ്ഞനംകുത്തുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. കൊറോണ കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നു അതത് രാജ്യങ്ങളിലെ യാത്ര നിരോധനം മൂലം തിരിച്ചുപോകാന്‍ കഴിയാതെ കുടുങ്ങിയവര്‍ പതിനായിരങ്ങളാണ്. അതത് രാജ്യങ്ങള്‍ നിയന്ത്രണം പിന്‍വലിക്കുകയും ആകാശപാത തുറക്കുകയും ചെയ്തതോടെ വിമാനക്കമ്പനികള്‍ കൊടുംകൊള്ള തുടങ്ങിയ സാഹചര്യമാണ്. ഹോട്ടല്‍ ക്വാറന്റൈനടക്കം രണ്ടു ലക്ഷത്തോളം രൂപ യാത്രാചെലവിനായി പ്രവാസിക്ക് വന്നുചേര്‍ന്ന നിലവിലെ സാഹചര്യം, ചാര്‍ട്ടേഡ് വിമാനത്തില്‍ വിദേശത്തു പോകുന്ന സമ്പന്ന വര്‍ഗത്തിന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. സാധാരണ പ്രവാസിയുടെ കൂടി നികുതിപ്പണം കൊണ്ടാണ് ഈ കൊണ്ടാട്ടമൊക്കെ എന്ന സാമാന്യബോധം ഉള്‍ക്കൊള്ളാന്‍ കോട്ടും സ്യൂട്ടും ധരിച്ചു ലോക കേരള സഭക്കെത്തുന്ന പ്രാഞ്ചിമാര്‍ക്ക് മനസ്സിലാക്കാന്‍ സാധ്യമായെന്നുവരില്ല.

ഈ സാമ്പത്തിക വര്‍ഷം മാത്രം 15000 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ കേരളപ്പിറവിക്ക് ശേഷം ഇത്രയും മോശമായ കാലമുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ വരെ നടത്താന്‍ ശ്വാസംമുട്ടുന്ന സാമ്പത്തികസ്ഥിതിയില്‍ പെന്‍ഷന്‍, ശമ്പളം, വികസനമടക്കമുള്ള കാര്യങ്ങളൊക്കെ ഞെരുങ്ങിയാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ലോക കേരള സഭക്ക് ചെലവഴിക്കുന്ന ഭീമമായ സംഖ്യ നാട്ടിലകപ്പെട്ട ചെറുശമ്പളക്കാരായവരെ കണ്ടെത്തി ജോലി ചെയ്യുന്ന രാജ്യത്തെത്തിക്കാനുതകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യേണ്ട യുദ്ധകാല സഹജമായ സാഹചര്യത്തിലാണ് പ്രവാസികള്‍ വന്നുപെട്ടിരിക്കുന്നത്.

 

 

 

Test User: