കൊച്ചി: ലോക കേരളസഭയുടെ മറവില്‍ സിപിഎം വന്‍തോതില്‍ പാര്‍ട്ടിഫണ്ട് സ്വരൂപിക്കുകയാണെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. എറണാകുളം ലീഗ് ഹൗസില്‍ നടന്ന കേരള പ്രവാസി ലീഗ് സമരവിളംബര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭ ചേര്‍ന്നതില്‍ കാര്യമില്ലെങ്കിലും മലയാളികള്‍ ഇത് വലിയ സംഭവമാണെന്ന് ധരിച്ചു. പലകോണുകളില്‍ നിന്നും പല കടലാസ് സംഘടനകളുടെ പേരില്‍ അധികാര ദുര്‍വിനിയോഗം നടത്തി അംഗങ്ങളായി. ഈ അംഗങ്ങള്‍ക്ക് സ്വീകരണമൊരുക്കുന്ന തെരക്കിലാണ് ഇവര്‍ ഇപ്പോള്‍. പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിനുള്ള ചാലകശക്തിയായി ഇവരെ സിപിഎം ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ എം സി സി വാസ്തവത്തില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിക്കേണ്ടതാണ്. പ്രവാസി ലീഗുകാര്‍ ഇല്ലാത്ത ഒരു പ്രദേശവും കേരളത്തിലില്ല. സംസ്ഥാന സര്‍ക്കാരിന് പ്രവാസി ലീഗിനെ അവഗണിച്ച് മുന്നോട്ട് പോകാനാകില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ പ്രവാസിവകുപ്പ് ലീഗ് പ്രതിനിധികള്‍ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. പ്രവാസികളോടുള്ള അവഗണന അര്‍ഹമായ ഗൗരവത്തോടെ കാണണം. പ്രവാസികള്‍ക്ക് ഏറ്റവും അധികം ഗുണം ലഭിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്രര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു.