X
    Categories: keralaNews

ലോക കേരള സഭ; പ്രചാരണത്തിന് മാത്രം 1.13 കോടി ചെലവ്

മൂന്നാം ലോക കേരള സഭയുടെ പ്രചാരണ ഇനത്തില്‍ ചെലവഴിക്കാന്‍ മാത്രം സര്‍ക്കാര്‍ അനുമതി നല്‍കിയത് 1.13 കോടി (1,13,70,986) രൂപ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020ല്‍ നടന്ന രണ്ടാം ലോക കേരള സഭക്ക് 1.21 കോടി രൂപയായിരുന്നു ആകെ ചെലവ്. ഇതില്‍ 6.80 ലക്ഷം രൂപയാണ് പ്രചാരണ ഇനത്തില്‍ ചെലവഴിച്ചത്. എന്നാല്‍ സമ്മേളനത്തിന്റെ മൂന്നാം പതിപ്പില്‍ പ്രചാരണത്തിനായി മാത്രം പതിനാറിരട്ടിയിലേറെ തുക ചെലവഴിച്ചെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ലോക കേരള സഭയുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന ആക്ഷേപമുയര്‍ത്തി പ്രതിപക്ഷം നേരത്തെ സഭ ബഹിഷ്‌ക്കരിച്ചിരുന്നു. ഈ നടപടിയെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍.

2018ലെ പ്രഥമ ലോക കേരള സഭക്ക് 2.3 കോടിയായിരുന്നു ആകെ ചിലവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ലോക കേരള സഭക്കായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിനാണ് 1.13 കോടി രൂപ മീഡിയ/പബ്ലിസിറ്റി പ്ലാന്‍ ഇനത്തില്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നോര്‍ക്കയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ്.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിക്ക് മുപ്പത് ഹോര്‍ഡിങുകള്‍ സ്ഥാപിച്ചതിനും, വകുപ്പിന്റെ 36 ഹോര്‍ഡിങുകളില്‍ പരസ്യം നല്‍കിയതിനും 28 ലക്ഷം രൂപയാണ് പൊടിച്ചത്. കോഫി ടേബിള്‍ബുക്കിന് മാത്രം 3.50 ലക്ഷം രൂപ ചെലവഴിച്ചു. സ്വാഗതഗാനം ഒരുക്കാന്‍ ഒരു ലക്ഷം രൂപയും, പത്ത് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയാറാക്കാന്‍ 3 ലക്ഷം രൂപയും ചെലവിട്ടു. മീഡിയ സെല്‍ പ്രവര്‍ത്തനത്തിനായി നീക്കിവച്ചത് 3 ലക്ഷം. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളായ കേരള കോളിങ്, ജനപഥം മാസികകളുടെ പ്രത്യേക ലക്കങ്ങള്‍ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. അതിനായി 4 ലക്ഷം ചെലവാക്കി. ഇതിന് പുറമെ അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ന്യൂസ് ലെറ്റര്‍ തയാറാക്കിയതിന് 15,000 രൂപയും, 15 പോസ്റ്റുകളും 2 വീഡിയോകളും തയാറാക്കിയതിന് 30,000 രൂപയും ചെലവഴിച്ചു. എല്ലാ പത്രങ്ങളിലും അരപ്പേജ് പരസ്യം നല്‍കുന്നതിനാണ് കാമ്പയിന്‍ ഇനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചത്, 46.75 ലക്ഷം രൂപ. എഫ്എം കാമ്പയിന് വേണ്ടി 21 ലക്ഷം രൂപ ചെലവഴിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Chandrika Web: