ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നാല് കോണ്‍ഗ്രസ് എം.പിമാരുടെ സസ്‌പെന്‍ഷന്‍ സ്പീക്കര്‍ ഓം ബിര്‍ല പിന്‍വലിച്ചു. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോര്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലു പേരെയും സസ്‌പെന്റു ചെയ്തത്.
സഭ സമ്മേളിച്ചതിനു പിന്നാലെ ഇന്നും പ്രതിപക്ഷബഹളമുണ്ടായതിനെതുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു. ലോക്‌സഭയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. രാജ്യസഭയില്‍ സഞ്ജയ് റാവുത്തിനെ ഇഡി അറസ്റ്റു ചെയ്ത വിഷയത്തിലാണ് പ്രതിഷേധമുയര്‍ന്നത്.
എം.പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനു പിന്നാലെ കോണ്‍ഗ്രസ്സിലെ മനീഷ് തിവാരിയുടെ നേതത്വത്തില്‍ വിലകയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നല്‍കി.