ലോക്സഭ സീറ്റ് വിഭജനം; ആർജെഡിക്ക് ഉള്ളിൽ കടുത്ത അതൃപ്തി

പാര്‍ട്ടി വഞ്ചിക്കപ്പെട്ടെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. മാന്യമായ അംഗീകാരം എല്‍ഡിഎഫ് ആര്‍ജെഡിക്ക് നല്‍കണമെന്നും സലിം മടവൂര്‍ ആവശ്യപ്പെട്ടു. 1991 മുതല്‍ പല തവണ എംപി വീരേന്ദ്രകുമാര്‍ മത്സരിച്ച കോഴിക്കോട് ലക്ഷ്യം വച്ചായിരുന്നു ആര്‍ജെഡിയായി മാറിയ എല്‍ ജെ ഡി യുടെ പ്രവര്‍ത്തനങ്ങള്‍.

2009 ല്‍ ഇടതുമുന്നണി വിട്ട എല്‍ജെഡി 2018ല്‍ യുഡിഎഫ് വിട്ടു തിരിച്ചെത്തിയപ്പോള്‍ എല്‍ഡിഎഫ് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അവകാശവാദം. എന്നാല്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചു, ഇത്തവണ തരാമെന്ന് പറഞ്ഞിട്ടും തന്നില്ല. എല്‍ഡിഎഫില്‍ നിന്നും മാന്യമായ അംഗീകാരം ലഭിച്ചില്ലെന്നും ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പറഞ്ഞു.

മത്സരിക്കാന്‍ അവസരം ഇല്ലാതായതോടെ കടുത്ത അമര്‍ഷത്തിലാണ് കീഴ് ഘടകങ്ങള്‍. രാജ്യസഭാ സീറ്റിനു വേണ്ടി എം പി ശ്രേയസ് കുമാര്‍ വിട്ടുവീഴ്ച ചെയ്യുന്നു എന്നും ആരോപണം ഉണ്ട്. സി.പി.എം 15 സീറ്റിലും സി.പി.ഐ 4 സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കാനുള്ള എല്‍ഡിഎഫ് ഫോര്‍മുല അംഗീകരിക്കരുതെന്നാണ് പാര്‍ട്ടി വികാരം.

 

webdesk13:
whatsapp
line