ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബിഎസ്പി നേതാവ് മായാവതി നാളെ യുപിഎ അദ്ധ്യക്ഷയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയേയയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കാണും. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ സഖ്യ സാധ്യത തള്ളിയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സഖ്യം എന്ന നയം മുന്നോട്ട് വെച്ചാണ് മായാവതിയുടെ കൂടികാഴ്ച്ചയെ നോക്കിക്കാണുന്നത്.
അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയ അണിയറയില്‍ ആര് അധികാരത്തില്‍ വരണമെന്ന ചര്‍ച്ചകള്‍ സജീവമാവുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെ 10 ജന്‍പഥിലെത്തി. പ്രതിപക്ഷസഖ്യ നീക്കവുമായി ഇന്നലെ ബിഎസ്പി നേതാവ് മായാവതിയുമായും എസ്പി നേതാവ് അഖിലേഷ് യാദവുമായും നായിഡു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ന് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് രാഷ്ട്രീയ സഖ്യ ചര്‍ച്ചകള്‍ നടത്താനാണ് ലക്ഷ്യം. അതിനിടെ പ്രതിപക്ഷ സഖ്യനീക്കവുമായി ചന്ദ്രബാബു നായിഡു എന്‍സിപി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇത് രണ്ടാം തവണയാണ് ശരത് പവാറുമായി നായിഡു ചര്‍ച്ച നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശ് വന്‍ വിജയം പ്രതീക്ഷിച്ചാണ് റായിഡുവിന്റെ ഇടപെടല്‍.
മേയ് 23 ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പ്രതിപക്ഷ കക്ഷികളുടെ ഒരു സംയുക്തയോഗം സോണിയ ഗാന്ധിയും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ഐക്യവും ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണവുമായിരിക്കും സോണിയ ഗാന്ധിയുടെ യോഗത്തിലെ പ്രധാന അജണ്ടയെന്നത് വ്യക്തമാണ്.