കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി വ്യാഖ്യാനിക്കാനുള്ള നരേന്ദ്ര മോദിയുടേയും സി.പി.എമ്മിന്റെയും നീക്കം പൊളിയുന്നു. വയനാട് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായതിനാലാണ് രാഹുല്‍ വയനാട്ടിലേക്ക് വന്നതെന്നായിരുന്നു ഇരുവിഭാഗവും പ്രചരിപ്പിച്ചത്. എന്നാല്‍ കണക്കുകള്‍ പറയുന്നത് നേരെ തിരിച്ചാണ്. 2011 ലെ സെന്‍സസ് പ്രകാരം വയനാട്ടിലെ മുസ്‌ലിം ജനസംഖ്യ 28.65 ശതമാനമാണ്. അതേസമയം അമേത്തിയില്‍ 33.04 ശതമാനമാണ്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന ചര്‍ച്ചകള്‍ തുടങ്ങിയത് മുതല്‍ സംഘപരിവാര്‍ വര്‍ഗീയ പ്രചരണം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി ഇത് തുറുന്നു പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്നും ഹിന്ദു മേഖലയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടിയെന്നുമായിരുന്നു മോദി പറഞ്ഞത്.
ഇതേ വാക്കുകള്‍ തന്നെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചത്. ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ് രാഹുല്‍ വയനാട്ടിലേക്ക് വന്നതെന്ന് കോടിയേരി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ദേശാഭിമാനി പത്രം രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് എഴുതിയ മുഖപ്രസംഗത്തിലും രാഹുല്‍ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇരുവിഭാഗത്തിന്റെയും വാദം അപ്രസക്തമാക്കുന്നതാണ് കണക്കുകള്‍. ഇതോടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി മുതലെടുക്കാനുള്ള ആര്‍.എസ്.എസ്-സി.പി.എം കൂട്ടുകെട്ടിന്റെ നീക്കമാണ് പൊളിയുന്നത്.