അംഗീകൃത രേഖകള്‍ ഇല്ലാതെയോ വ്യാജരേഖകള്‍ ഉപയോഗിച്ചോ ഇന്ത്യയിലേക്കു കടക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവു ശിക്ഷ ശുപാര്‍ശ ചെയ്യുന്ന ഇമിഗ്രേഷന്‍ ബില്‍ 2025 ലോക്‌സഭ പാസ്സാക്കി. കൂടാതെ രാജ്യത്ത് സന്ദര്‍ശനത്തിനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
നിലവില്‍ കുടിയേറ്റത്തെ നിയന്ത്രിക്കുന്ന നാല് നിയമങ്ങള്‍ ഇതോടെ അപ്രസക്തമായി. 1920 ലെ പാസ്‌പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939 ലെ വിദേശികളുടെ രജിസ്‌ട്രേഷന്‍ നിയമം, 1946 ലെ വിദേശികളുടെ നിയമം, ഇമിഗ്രേഷന്‍ (കാരിയേഴ്‌സ് ലയബിലിറ്റി) നിയമം2000 എന്നിവയ്ക്കു പകരമാണ് ഇന്നു പാസ്സാക്കപ്പെട്ട ബില്‍ ലക്ഷ്യമിടുന്നത്.
ഇതനുസരിച്ച് വ്യാജ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ വിസ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് താമസിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഈ നിയമം ശുപാര്‍ശ ചെയ്യുന്നു. ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമത്തിലെ വ്യവസ്ഥകള്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചട്ടം ലംഘിച്ച്, സാധുവായ പാസ്‌പോര്‍ട്ടോ വിസ ഉള്‍പ്പെടെയുള്ള മറ്റ് യാത്രാ രേഖയോ ഇല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വര്‍ഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും ഇത് വ്യവസ്ഥ ചെയ്യുന്നു.
ലോക്‌സഭയില്‍ ഈ ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോള്‍ നിശിതമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേശീയ സുരക്ഷയ്ക്ക് ‘ഭീഷണി’ യെന്ന് നിര്‍വ്വചിക്കപ്പെടുന്ന വ്യക്തികളുടെ പ്രവേശനം നിഷേധിക്കാനോ നാടുകടത്താനോ ഈ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് അമിതമായ സ്വാതന്ത്യം ഓഫീസര്‍മാര്‍്ക്കു ലഭിക്കുമെന്നാണ് പ്രധാന വിമര്‍ശനം.
ഈ ഭീഷണിയെ നിര്‍വചിക്കുന്നത് പ്രത്യേക ഉദ്ദേശ്യം വച്ചു കൊണ്ടായാല്‍ നിയമം ദുരുപയോഗപ്പെടുത്താനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. ഒപ്പം അഭയാര്‍ഥികളെയും പത്രപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കും.
ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന അമിത അധികാരം ദുരുപയോഗപ്പെടുത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതായി സംശയിക്കുന്ന വ്യക്തികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ ബില്‍ അനുവദിക്കുന്നതിനു പിന്നിലെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. ബംഗ്ലാദേശ്, നേപ്പാള്‍ ,ശ്രീലങ്ക, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളോടുള്ള ഇനിയുള്ള സമീപനവും സംശയാസ്പദമാണ്