X
    Categories: MoreViews

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച്

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് മാര്യേജ്) ബില്‍ 2017 ലോക്‌സഭ പാസാക്കി. നാല് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്‍ പാസാക്കിയത്.
മുസ്്‌ലിം സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും മുഖവിലക്കെടുക്കാതെ നിഷേധാത്മക നിലാപാടോടെ ഏകപക്ഷീയമായി ബില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുസ്്‌ലിം ലീഗ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവഹ ബന്ധം വേര്‍പ്പെടുത്തുന്നത് നിയമ വിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാവുന്ന ബില്ലാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ മുസ്്‌ലിം ലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീര്‍, ജെ.ഡി.യു അംഗം മെഹ്ത്താബ്, എ.ഐ.എം.ഐ.എം അംഗം അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവര്‍ ഉന്നയിച്ച തടസ്സവാദം ശബ്ദവോട്ടോടെ ലോക്‌സഭ തള്ളുകയായിരുന്നു.
ഇത് ചരിത്ര ദിവസമാണെന്നും മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്‌നമാണെന്നും നിയമമന്ത്രി പറഞ്ഞു. മുത്തലാഖിന് ഇരയാകുന്ന സ്ത്രീകള്‍ക്കും നീതി ലഭിക്കണം. ബില്ലിലൂടെ സ്ത്രീ സമത്വമാണ് നടപ്പാക്കുന്നത്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ പോലും മുത്തലാഖ് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പിന്നീട് എന്തുകൊണ്ട് മതേതരരാജ്യമായ നമ്മള്‍ക്കിത് നടപ്പാക്കികൂടാ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിം വ്യക്തിനിയമമായ ശരീഅത്തില്‍ ഇടപെടുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. വിശ്വാസപ്രമാണ പ്രകാരം മോശമായ ഒരു കാര്യമാണ് മുത്തലാഖ്.
അത് നിയമത്തിന്റെ മുന്നിലും മോശം തന്നെയാണ്. സുപ്രീംകോടതി വിധിയിലും അതു തന്നെയാണ് വ്യക്തമാക്കുന്നത്. നമ്മള്‍ മുസ്‌ലിം സ്ത്രീകളുടെ വേദന മനസിലാക്കണം. 100 ഓളം മുത്തലാഖ് കേസുകളാണ് സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബില്ലില്‍ മാറ്റം വേണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു.
മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് സഭയെ അറിയിച്ചു. എതിര്‍ സ്വരം ഉയര്‍ത്തിയെങ്കിലും മുത്തലാഖ് നിരോധനത്തെ പൂര്‍ണമായും പിന്തുണക്കുന്നതായി കോണ്‍ഗ്രസ് നിലപാടെടുത്തു. ജീവനാംശം നിര്‍ണയിക്കുന്നതിലും വ്യക്തത വേണമെന്നും കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടു. ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്കു വിടണമെന്ന കോണ്‍ഗ്രസ് ആവശ്യം ഭരണ പക്ഷം ചെവികൊണ്ടില്ല.
ബില്ലിനെതിരെ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്്‌ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണ്. ബില്ലിന്‍മേല്‍, ആര്‍.എസ്.പി അംഗം എം.കെ പ്രേമചന്ദ്രന്‍, അസദുദ്ദീന്‍ ഉവൈസി, ബി.ജെ.ഡി അംഗം ഭര്‍തൃഹരി മഹ്താബ്, കോണ്‍ഗ്രസ് അംഗം സുഷ്മിതാ ദേവ്, സി.പി.എം അംഗം എ സമ്പത്ത് തുടങ്ങിയവര്‍ ഭേദഗതി ഉന്നയിച്ചിരുന്നെങ്കിലും അവ വോട്ടിനിട്ട് തള്ളുകയായിരുന്നു. ലോക്‌സഭയില്‍ ബില്‍ പാസായതോടെ ഇനി രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കപ്പെടും. രാജ്യസഭയിലും ബില്‍ പാസാവുകയാണെങ്കില്‍ തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകരാരത്തിനായി സമര്‍പ്പിക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമായി മാറുകയും ചെയ്യും.
മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ബി. ജെ. പി എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.

chandrika: