തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാൻ ജില്ലകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പിനുള്ള ജില്ലകളിലെ ക്രമീകരണങ്ങൾ പൂർണമാണ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബോധവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. പ്രശ്‌ന സാധ്യത ബൂത്തുകൾ നിർണയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജില്ലകളിലെ പോസ്റ്റൽ വോട്ടിനുള്ള സൗകര്യങ്ങൾ, ബൂത്തുകൾ, വോട്ടിംഗ് മെഷീൻ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോങ്ങ് റൂം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള ക്രമീകരണം സംബന്ധിച്ച് ജില്ലാ കളക്ടർമാർ വിശദീകരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോൾ ജോലി ചെയ്തിരുന്ന അതേ പാർലമെന്റ് മണ്ഡല പരിധിയിൽത്തന്നെ നിയമിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.