X

ലോക്സഭ തെരഞ്ഞെടുപ്പ്: എസ്.പി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 16 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാര്‍ട്ടി.

എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പങ്കാളിയും മൈന്‍പുരിയില്‍ നിന്നുള്ള സിറ്റിങ് എം.പിയുമായ ഡിംപിള്‍ യാദവ് മൈന്‍പുരിയില്‍ നിന്ന് തന്നെ മത്സരിക്കും. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് 2022ലെ ഉപതെരഞ്ഞെടുപ്പിലാണ് ഡിംപിള്‍ മൈന്‍പുരിയില്‍ മത്സരിച്ചത്. നേരത്തെ കന്നോജില്‍ നിന്ന് രണ്ട് തവണ ഡിമ്പിള്‍ യാദവ് ലോക്‌സഭാംഗമായിരുന്നു.

സംഭാലില്‍ നിന്ന് ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖും ലഖ്‌നൗവില്‍ നിന്ന് രവിദാസ് മെഹ്‌റോത്രയും മത്സരിക്കും. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാകുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികളാണ് ഇരുകൂട്ടരും.

കോണ്‍ഗ്രസ് 11 സീറ്റുകളില്‍ നിന്ന് മത്സരിക്കുമെന്നും ബാക്കിയുള്ള 69 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദളും ചേര്‍ന്ന് മത്സരിക്കുമെന്നും അഖിലേഷ് അറിയിച്ചു.

ആകെ 80 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. എല്ലാ തെരഞ്ഞെടുപ്പുകളിലും വളരെ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ് എസ്.പിയുടെ രീതി.

2017 നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ടെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥികള്‍ അവരുടെ മണ്ഡലങ്ങളില്‍ പ്രചരണം ആരംഭിച്ചിരുന്നു.

webdesk13: