X

രാജ്യ തലസ്ഥാനത്ത് മോദിക്ക് തിരിച്ചടി; ഡല്‍ഹിയും ഹരിയാനയിലും കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം

രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഡല്‍ഹിയും ഹരിയാനയിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പുതിയ സഖ്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് നിലവില്‍ തെരഞ്ഞെടുപ്പ് വിവിധ സംസ്ഥാനങ്ങളിലായി പ്രചാരണത്തിലുള്ള രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയാവും പുറത്തുവിടുക.

രാജ്യ തലസ്ഥാനത്തിന് പുറമേ ഹരിയാനയിലും തെരഞ്ഞെടുപ്പിന് മുന്നേ ഇരുപാര്‍ട്ടികളും കൈകോര്‍ക്കുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. ഡല്‍ഹിയില്‍ ഏഴ് ലോക്സഭാ സീറ്റുകളും ഹരിയാനയില്‍ 10 ലോക്സഭാ സീറ്റുകളുമാണുള്ളത്. ഇരു സംസ്ഥാനങ്ങളിലും മെയ് 12ന് ആണ് തെരഞ്ഞെടുപ്പ്.

ഡല്‍ഹിയില്‍ സീറ്റ് വീതംവയ്പ്പ് ഏത് രീതിയിലായിരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്. ന്യൂഡല്‍ഹിയും, ചാദ്‌നിചൗക്കും, നോര്‍ത്തവെസ്റ്റ് ഡല്‍ഹിയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. ബാക്കി മണ്ഡലങ്ങള്‍ ആപ്പിന് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്.

ദേശീയ തലത്തില്‍ വിവിധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിന് കോണ്‍ഗ്രസിന് തുറന്നതും അയഞ്ഞതുമായ സമീപനമാണുള്ളതെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രകടന പത്രികയില്‍ മാറ്റം വരുത്തി ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്താമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായാണ് റിപോര്‍ട്ട്. പൂര്‍ണ സംസ്ഥാന പദവി ലഭ്യമാവും വരെ, തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ നോമിനി ആയിരിക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം പഞ്ചാബിലെ സഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലും സഖ്യം വേണമെന്ന നിലപാടിലാണ് എഎപി. എന്നാൽ ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ ധാരണയ്ക്കു മാത്രമാണു കോൺഗ്രസിനു താൽപര്യം.

chandrika: