X

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് 2000 ക്യാമറകള്‍; വ്യാജ വാര്‍ത്തകളില്‍ കര്‍ശന നടപടി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2,122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ളയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വയലൻസ് ടീം എന്നിവയുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്.

webdesk14: