ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടക്കമിട്ട പോരാട്ടത്തിനൊപ്പം മുസ്‌ലിംലീഗ് കുടെ നില്‍ക്കുമെന്ന് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ചെന്നൈയില്‍ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പങ്കെടുക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു. പോരാട്ടത്തിന് പിന്തുണ തേടി സ്റ്റാലിന്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് സാദിഖലി ശിഹാബ് തങ്ങള്‍
എല്ലാ പിന്തുണയും അറിയിച്ചത്.
ഫെഡറല്‍ തത്വങ്ങള്‍ക്ക് ഭീഷണിയാകുന്ന വെല്ലുവിളിയെ നേരിടാന്‍ ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഫെഡറല്‍ ഘടന എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നു. 2026ന് ശേഷമുള്ള ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍, ജനസംഖ്യാ വളര്‍ച്ച വിജയകരമായി നിയന്ത്രിക്കുകയും ദേശീയ മുന്‍ഗണനകള്‍ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്ത കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളെ അന്യായമായി ശിക്ഷിക്കുന്നതിന് തുല്യമാവും. പുരോഗമന സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കം അംഗീകരിക്കാനാവില്ല. ഇതിനെതിരെ തെക്ക്, കിഴക്ക്, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത പ്രവര്‍ത്തക സമിതി (ജെ.എ.സി) രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തോട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പൂര്‍ണമായി യോജിക്കുന്നു. ദേശീയ നയരൂപീകരണത്തില്‍ നമ്മുടെ സംസ്ഥാനങ്ങളുടെ ന്യായമായ പ്രാതിനിധ്യവും സ്വാധീനവും സംരക്ഷിക്കുന്നതിന് ഈ കൂട്ടായ്മ അനിവാര്യമാണ്. മാര്‍ച്ച് 22ന് ചെന്നെയില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. എങ്കിലും തന്ത്രങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് ഐ.യു.എംഎല്‍ പ്രതിനിധിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെ ജെ.എ.സിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന തായും ചെന്നൈ സമ്മേളനത്തില്‍ പി.എം.എ സലാം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും തങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.