മുംബൈ: ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തുന്നത് ക്രൂരതയെന്ന് ബോംബെ ഹൈക്കോടതി. പൂണെ സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. തെളിവില്ലാതെ ഭര്‍ത്താവിനെ മദ്യപാനി, സ്ത്രീലമ്പടന്‍ എന്നീ അപകീര്‍ത്തിപ്പെടുത്തുന്ന പദങ്ങളുടെ ഉപയോഗമാണ് കോടതി ക്രൂരതയായി കണ്ടത്.
മദ്യപാനിയും സ്ത്രീലമ്പടനുമായ ഭര്‍ത്താവ് കാരണം തനിക്ക് ദാമ്പത്തിക അവകാശങ്ങള്‍ നഷ്ടപ്പെട്ടെന്ന് സൂചിപ്പിച്ച് യുവതി ഹരജി നല്‍കിയിരുന്നു.എന്നാല്‍ സ്വന്തം മൊഴിയല്ലാതെ ആരോപണം തെളിയിക്കുന്ന തെളിവുകള്‍ യുവതി ഹാജരാക്കിയിട്ടില്ലെന്നും ഭര്‍ത്താവിന്റെ പ്രശസ്തിയെ ബാധിക്കുന്ന ആരോപണം ക്രൂരമായ നടപടിയാണെന്നും പറയുകയായിരുന്നു കോടതി.
എതിര്‍ കക്ഷിയെ മാനസികമായി വേദനിപ്പിച്ച ഹരജിക്കാരിയുടെ പെരുമാറ്റം ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിവാഹ മോചനം ശരിവെച്ചതായി ഉത്തരവിട്ടു.