X

മടുത്തു! പാളത്തിലെ കുതിപ്പ്; സ്വയം വിരമിക്കാനൊരുങ്ങി ലോക്കോ പൈലറ്റുമാര്‍

കണ്ണൂര്‍: മുന്നോട്ടുള്ള കുതിപ്പിലും മാനസിക പിരിമുറുക്കമാണ്. യാത്രക്കാരുടെ ജീവനാണ് പിന്നില്‍. കൂകിപ്പായുമ്പോഴും അസ്വസ്ഥതയാണ് ഉള്ളില്‍. കൂട്ടിന് ഉറക്ക ക്ഷീണവും. അധിക ജോലിഭാരം തളര്‍ത്തിയിരിക്കുന്നു വണ്ടി മുന്നോട്ട് നയിക്കുന്നവരെ. ജീവിത പാളത്തില്‍ കാലിടറുന്ന അവസ്ഥയില്‍ സ്വയം പിരിഞ്ഞ് പോകാന്‍ ഒരുങ്ങുകയാണ് ലോക്കോ പൈലറ്റുമാര്‍.
ജോലിഭാരത്തെക്കുറിച്ച് പാലക്കാട് ഡിവിഷനിലെ ഒരു ലോക്കോ പൈലറ്റ് തന്റെ വിഷമം ചീഫ് ഓഫീസറെ അറിയിച്ച് കഴിഞ്ഞു. ദക്ഷിണ റെയില്‍വെക്ക് കീഴില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 50 ലോക്കോ പൈലറ്റുമാരാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. തീവണ്ടി സേവനം വെട്ടിക്കുറക്കുന്ന ദക്ഷിണ റെയില്‍വെയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് ലോക്കോ പൈലറ്റുമാരുടെ സ്വയം വിരമിക്കാനുള്ള തീരുമാനം.
ഇന്ത്യന്‍ റെയില്‍വെയുടെ എല്ലാ ഡിവിഷനുകളിലും നിലവില്‍ 50,000ലധികം ലോക്കോ പൈലറ്റ് തസ്തികയാണുള്ളത്. ഇവരില്‍ 18,500 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ജീവനക്കാര്‍ക്ക് പ്രതിവാര അവധി അനുവദിച്ചാല്‍ ആകെയുള്ളതിന്റെ 10 ശതമാനത്തിലധികം നിയമനം നടത്തേണ്ടി വരും. തിരുവനന്തപുരം ഡിവിഷനില്‍ 550 പേര്‍ വേണ്ടിടത്ത് 420 പേരും പാലക്കാട് 600ല്‍ 495 പേരുമാണുള്ളത്.
വിശ്രമമില്ല; അധിക ജോലി
ഒഴിവുകള്‍ നികത്തേണ്ട സ്ഥാനത്ത് നിലവില്‍ ഉള്ളവരെ അധിക ജോലി ചെയ്യിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. വിശ്രമം പോലും അനുവദിക്കാതെയാണ് അധിക ഡ്യൂട്ടി ചെയ്യിക്കുന്നതെന്ന് ലോക്കോ പൈലറ്റുമാര്‍ പരാതിപ്പെടുന്നു. രണ്ട് മാസത്തിനിടെ 108 സ്‌പെഷ്യല്‍ സര്‍വീസുകള്‍ അധിക സമയ ജോലിയിലൂടെയാണ് സാധ്യമാക്കിയത്. മറ്റ് ഡിവിഷനുകളില്‍ പ്രത്യേക അവധി ഉള്‍പ്പെടെ അനുവദിക്കുമ്പോള്‍ പാലക്കാട് ഡിവിഷനില്‍ അത്യാവശ്യ അവധി പോലും നിഷേധിക്കുകയാണ്.
അപകടങ്ങള്‍ക്കും കാരണമാകാം അധിക ജോലി
വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നത് കാരണം അപകടസാധ്യതയും ഏറെയാണ്. റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ട് വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും പരീക്ഷ നടത്താന്‍ പോലും റെയില്‍വെ തയ്യാറായിട്ടില്ല. ശരാശരി കണക്ക് പ്രകാരം ഒരു വര്‍ഷം 10,000 പേരാണ് വിരമിക്കുന്നത്. ഇവര്‍ക്ക് പകരം നാലിലൊന്ന് പേരെ നിയമിക്കാന്‍ പോലും റെയില്‍വെ തയ്യാറാകുന്നില്ല.

താല്‍പര്യമുള്ളവരെ പരിഗണിക്കുന്നില്ല
മറ്റ് ഡിവിഷനുകളില്‍ നിന്ന് കേരളത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരെ ഇങ്ങോട്ടു മാറ്റുമെന്ന് അറിയിച്ചെങ്കിലും അതും പ്രാവര്‍ത്തികമാക്കിയില്ല. പാളം ഉറപ്പിക്കാനും പരിശോധിക്കാനും ഉപയോഗിക്കുന്ന ബലാഷ് വണ്ടികളും പാളം ഫിക്‌സിംഗ് വണ്ടികള്‍ ഓടിക്കാനും ലോക്കോ പൈലറ്റുമാര്‍ വേണം. നിലവിലുള്ളവരെ ദിവസം രണ്ട് ഷിഫ്റ്റില്‍ പണിയെടുപ്പിച്ചാലും പണി പിന്നേയും ബാക്കിയാണ്. അമിത ജോലി ഭാരവും ഉറക്ക ക്ഷീണവും പൈലറ്റുമാരെ പോലെ യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

chandrika: