തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി ലോക്ക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ പിഴ ഈടാക്കിയത് 116.5 കോടി. എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പിഴ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. 22 കോടി. തിരുവനന്തപുരം 14,24,43,500,കൊല്ലം 9,48,00,600,പത്തനംതിട്ട 4,01,55,200,ആലപ്പുഴ 4,84,57,000,കോട്ടയം 7,02,54,500,ഇടുക്കി 2,85,78,400,എറണാകുളം 22,41,59,800,തൃശ്ശൂര്‍ 8,09,80,000,പാലക്കാട് 5,99,62,400,മലപ്പുറം 13,90,21,500,കോഴിക്കോട് 8,13,05,600,വയനാട് 3,51,41,500,കണ്ണൂര്‍ 7,23,84,100,കാസര്‍കോഡ് 4,81,50,500 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്ന് ഈടാക്കിയത്.
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് പിഴ ഈടാക്കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ പിഴ ഈടാക്കിയ കാലയളവ് സംബന്ധിച്ച് മറുപടിയില്‍ പരാമര്‍ശിക്കുന്നില്ല. മെയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്താകെ ലോക്ക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് 6,11,856 കേസുകളാണ്. പിഴ ഈടാക്കിയത് ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍ നിന്നാണെങ്കിലും ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.
186790 കേസുകള്‍. എറണാകുളത്ത് 73918 ഉം, കൊല്ലത്ത് 57680 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ലോക്ക്ഡൗണ്‍ ദിനങ്ങളിലെ പോലീസ് ഇടപെടല്‍ ഏറെ വിവാദമായിരുന്നു. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് പോലും വീടുകളില്‍ നിന്ന് പുറത്തിറങ്ങിയവരില്‍ നിന്ന് പിഴ ഈടാക്കി. ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിന് ശേഷവും പോലീസ് പിഴ ഈടാക്കല്‍ തുടര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പോലീസ് നടപടിയെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി.