X

അന്തര്‍ജില്ലാ പൊതുഗതാഗതം ഉണ്ടാകില്ല; ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കും

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളില്‍ അന്തര്‍ജില്ലാ പൊതുഗതാഗതം ഉണ്ടാകില്ല. രോഗം കുറഞ്ഞ സ്ഥലങ്ങളില്‍ പൊതുഗതാഗതം ഉണ്ടാകും. ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസിന് ചില വ്യവസ്ഥകളോടെ ഇളവ്. ലോക്ഡൗണ്‍, ട്രിപ്പിള്‍ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ ഇതിനു നിയന്ത്രണം ഉണ്ടാകും. ആരാധനാലയങ്ങള്‍ ഉടനെ തുറക്കില്ല. രോഗം കുറവായ സ്ഥലങ്ങളില്‍ ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കും.

മറ്റു നിയന്ത്രണങ്ങള്‍/ ഇളവുകള്‍ ഇങ്ങനെ

എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്താകെ പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.

ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും.

ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം തുടരുന്നതാണ്.

വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആള്‍ക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല.

എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങള്‍ പരസ്യപ്പെടുത്തും.

കോവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യവകുപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ടാര്‍ജറ്റ് നല്‍കും.

ഓരോ വീട്ടിലും ആദ്യം ടെസ്റ്റ് പോസിറ്റീവ് ആകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എല്‍ടിസി ഡിസിസിയില്‍ ക്വാറന്റീന്‍ ചെയ്യേണ്ടതാണ്. വീടുകളില്‍ വേണ്ടത്ര സൗകര്യമുള്ളവര്‍ (ഉപകരണങ്ങള്‍ ഉള്‍പ്പെടെ) മാത്രമേ വീടുകളില്‍ കഴിയാന്‍ അനുവദിക്കൂ.

പരസ്പര സമ്പര്‍ക്കമില്ലാത്ത തരത്തിലുള്ള ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് അനുവദിക്കും.

ബെവ്‌കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ആപ് മുഖാന്തരം സ്‌ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവര്‍ത്തനം.

ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.

എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്‌പോര്‍ട്‌സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ).

റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഹോംഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.

വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല (മാളുകള്‍ ഉള്‍പ്പെടെ)

 

 

Test User: