X

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ നിയന്ത്രണത്തില്‍ പുതിയ ക്രമീകരണം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനു സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇപ്പോഴത്തെ രീതിയില്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ഈ ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചു. അതേസമയം രോഗസ്ഥിരീകരണ നിരക്ക് 24ല്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ആരാധനാലയങ്ങള്‍ പരിമിതമായി തുറക്കാനും തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാനാണ് തീരുമാനം. പരമാവധി 15 പേര്‍ക്കാണ് പ്രവേശനത്തിന് അനുമതിയുണ്ടാവുക.

നിലവില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്. ഈയാഴ്ച ഇത് 24 ശതമാനത്തിനു മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കാന്‍ തീരുമാനമായെന്നു സൂചനയുണ്ട്. ഇതനുസരിച്ച് കൂടുതല്‍ മേഖകള്‍ കടുത്ത നിയന്ത്രണത്തിനു കീഴില്‍ വരും.

ടിപിആര്‍ എട്ടു ശതമാനം വരെ എ വിഭാഗവും എട്ടു മുതല്‍ 16 വരെ ബി വിഭാഗവും 16 മുതല്‍ 24 വരെ സി വിഭാഗവും ആയിരിക്കും ഈയാഴ്ച നിയന്ത്രണങ്ങള്‍. ഈയാഴ്ച ഏതൊക്കെ പ്രദേശങ്ങളില്‍ എങ്ങനെയായിരിക്കും നിയന്ത്രണങ്ങളെന്ന പട്ടിക ഇന്നു പുറത്തുവിടും. ഇന്നത്തെ ടിപിആര്‍ അനുസരിച്ചായിരിക്കും മേഖലകള്‍ തരംതിരിക്കുക.

കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി ്അറിയിച്ചു. 18-23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ക്ലാസ്സ് തുടങ്ങും. അവര്‍ക്കെല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ അധ്യാപകരുടെ വാക്‌സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും. കുട്ടികളുടെ വാക്‌സിന്‍ ലഭ്യമാവുന്ന മുറയ്ക്ക് വിതരണം ചെയ്യും. കോവാക്‌സിന്‍ പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Test User: