തിരുവനന്തപുരം: ലോക്ഡൗണ്‍കാലത്ത് സെക്രട്ടേറിയറ്റില്‍ കുടിച്ചത് 14.11ലക്ഷത്തിന്റെ ചായയെന്ന് കണക്കുകള്‍. സംസ്ഥാനം സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയ മാര്‍ച്ച് മുതല്‍ ഒന്‍പത് മാസംവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ചീഫ് സെക്രട്ടറിയുടേയും സെക്രട്ടറിമാരുടേയും ലിസ്റ്റില്‍പ്പെട്ട ചായകുടിയുടെ കണക്കാണ് ലക്ഷങ്ങള്‍ പിന്നിട്ടത്. മാര്‍ച്ചില്‍ 1,98,439 ആയിരുന്നു ആകെബില്‍. തുടര്‍ന്നുള്ള ഒന്‍പത് മാസത്തെ കണക്കുപ്രകാരമാണ് 14 ലക്ഷം കടന്നത്.
അതേസമയം, പുറത്തുനിന്നുള്ളവര്‍ക്ക് സെക്രട്ടേറിയറ്റില്‍ പ്രവേശനം നിഷേധിക്കുകയും ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും ചായകുടി കണക്ക് മുന്‍മാസങ്ങളിലേത് പോലെവന്നത് സംശയത്തിന് ഇടനല്‍കുന്നുണ്ട്. ജനുവരിയില്‍ 2,80,291 രൂപയും ഫെബ്രുവരിയില്‍ 2,66,235രൂപയുമായിരുന്നു ചായയുടെ ബില്‍.
ചീഫ് സെക്രട്ടറിയും 41 സെക്രട്ടറിമാരുമാണ് സെക്രട്ടറിയേറ്റിലുള്ളത്. കോവിഡ് അവലോകന യോഗങ്ങളാണ് പ്രധാനമായും ഈസമയങ്ങളില്‍ ഓഫീസുകളില്‍ കൂടിയിരുന്നത്. ഇത് മാത്രമാകുമ്പോള്‍ ഇത്രവലിയ ബില്‍ വരികയില്ല. സെക്രട്ടേറിയേറ്റ് വളപ്പിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നാണ് ചായവും ലഘുകടികളും ഓഫീസിലെത്തുക. മാസവസാനം ബില്‍ ഒന്നിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയാണ് പതിവ്.