കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച രണ്ടാം ലോക്ഡൗണിന്റെ ആദ്യദിനം പൂര്‍ണം. അത്യവശ്യ സര്‍വീസുകാര്‍ ഒഴികെയുള്ളവര്‍ ഇന്നലെ വീട്ടിലിരുന്ന് ലോക്ക് ഡൗണിനോട് സഹകരിച്ചു. ഇന്നലെ രാവിലെ ആറ് മണിക്ക് ആരംഭിച്ച ലോക്ക് ഡൗണ്‍ മെയ് 16ന് അര്‍ധരാത്രി വരെ തുടരും.
ആദ്യ ലോക്ക് ഡൗണിന്റെ അനുഭവമുള്ളതിനാലും ഇത്തവണ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലും ജനത്തിന് ലോക്ക് ഡൗണിന്റെ പ്രധാന്യം മനസിലാക്കിയെന്ന് വേണം കരുതാന്‍. ഇന്നലെ ശനിയാഴ്ചയായതിനാലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതിനാലും ജനം പുറത്തിറങ്ങിയില്ല. ലോക്ഡൗണില്‍ സുരക്ഷ ഉറപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ക്കുമായി 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനമൊട്ടാകെ വിന്യസിച്ചത്. പൊലീസുകാര്‍ക്ക് വിശ്രമമില്ലാത്ത ദിനമായിരുന്നു ഇന്നലെ. അനാവശ്യകാര്യങ്ങള്‍ക്കും സത്യവാങ്മൂലവും ഇല്ലാതെ എത്തിയവരെയും പൊലീസ് തിരിച്ചയച്ചു. ആസ്പത്രിയില്‍ പോകാനായി എത്തിയവരെ രേഖകള്‍ പരിശോധിച്ച് വിട്ടയച്ചു. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളും നിയന്ത്രിതമായ രീതിയിലാണ് ഇന്നലെ നടന്നത്. വരും ദിവസങ്ങളില്‍ പൊലീസ് പരിശോധന കര്‍ക്കശമാക്കും.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ.എസ്.ആര്‍.ടി.സി 54 ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തി. ജില്ലകളിലെ വിവിധ ഡിപ്പോകളില്‍നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കല്‍ കോളജുകള്‍, പ്രധാന ആസ്പത്രികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ നടത്തിയത്.
വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തരച്ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് കാര്‍മികത്വം വഹിക്കേണ്ട പുരോഹിതന്മാര്‍ക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ പാഴ്‌സല്‍ നല്‍കാനും അനുമതിയുണ്ട്.
- 4 years ago
Test User