തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രണ്ടാം ദിവസത്തില്‍. നിരത്തുകളില്‍ പൊലീസ് കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളു. പുറത്തിറങ്ങുന്നവര്‍ പൊലീസ് പാസ് നിര്‍ബന്ധമായും കയ്യില്‍ കരുതണം.
അത്യാവശ്യ യാത്രകള്‍ക്ക് പൊലീസ് പാസിന് https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അവശ്യസര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാം
അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷ നല്‍കാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിങ്ങനെയുള്ള ഒഴിവാക്കാനാവാത്ത ആവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക
ആദ്യ ദിവസമായ ഇന്നലെ പൊതുജനങ്ങള്‍ സഹകരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രങ്ങളുണ്ട്. വിവാഹം, മരണാനന്തര ചടങ്ങ്, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടു പോകാന്‍ തുടങ്ങി വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ ജില്ല വിട്ടുളള യാത്ര അനുവദിക്കൂ.
മരണാനന്തര ചടങ്ങുകള്‍, നേരത്തെ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാര്‍മികത്വം വഹിക്കേണ്ട പുരോഹിതര്‍ക്ക് ജില്ല വിട്ട് യാത്ര ചെയ്യാനും മടങ്ങി വരാനും അനുമതിയുണ്ട്. ഇവര്‍ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.
നിര്‍മ്മാണ മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാം. തൊഴിലുറപ്പു ജോലിക്ക് പരമാവധി 5 പേര്‍ മാത്രമാണ് അനുമതി.
കളളു ഷാപ്പുകള്‍, ബാറുകള്‍, മദ്യവില്‍പന ശാലകള്‍ എന്നിവ തുറക്കില്ല പെട്രോള്‍ പമ്പുകള്‍, പാചകവാതക ഏജന്‍സികള്‍, പെട്രോളിയം, കേബിള്‍ സര്‍വീസ്, ഡിടിഎച്ച്, കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസിങ്, സുരക്ഷാ ഏജന്‍സികള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാം. ബാങ്ക് ഇതര ധനസ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി)ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 1 വരെ തുറന്നു പ്രവര്‍ത്തിക്കാം.