X

ടിപിആര്‍ നോക്കി അടച്ചിടല്‍ വേണ്ട, ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിനുള്ള ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി ലോക്ക്ഡൗണ്‍ നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ടിപിആറിനു പകരം സജീവ പ്രതിദിന കേസുകള്‍ അടിസ്ഥാനമാക്കി അതതു പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്വാറന്റൈന്‍ നിബന്ധനകള്‍ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്.
കോവിഡ് നിയന്ത്രണങ്ങളിലെ നിലവിലെ രീതിയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഇന്നത്തെ അവലോകന യോഗത്തില്‍ തീരുമാനമെടുക്കാനിരിക്കെയാണ് ഡോക്ടര്‍മാരുടെ സംഘടന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.

നിലവില്‍ ടിപിആര്‍ അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. ഇതിനെതിരെ ആരോഗ്യ വിദഗ്ധരും കച്ചവടക്കാരും അടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ടിപിആര്‍ അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ അവലോകന യോഗം ചര്‍ച്ച ചെയ്യും.

രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചനയില്‍. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാകും ചെയ്യുക എന്നാണ് സൂചന. രണ്ടു ദിവസത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും തീരുമാനമുണ്ടായേക്കും.

 

 

Test User: