കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പലാഴി ഇരുങ്ങല്ലൂരില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഇരുങ്ങല്ലൂരിന് സമീപം കുന്നിപുറത്തെ ശ്മശാനം വൃത്തിയാക്കാന്‍ പോയ യുവാക്കളാണ് കുറ്റികാടിനുള്ളില്‍ അസ്ഥികൂടം കണ്ടത്. കരിയിലകള്‍ക്കിടയില്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം.
നാട്ടുകാര്‍ വിവരമറിയിച്ചെതിനെ തുടര്‍ന്ന് പന്തീരങ്കാവ് പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷന്‍ സബ് ഇന്‍പെക്ടര്‍ എസ്.പി മുരളീധരന്‍ ‘ചന്ദ്രിക’യോട് പറഞ്ഞു. അസ്ഥികൂടം പുരുഷന്റേതോ സ്ത്രീയുടേയോ എന്ന് വ്യക്തമായിട്ടില്ല. മൃതദേഹം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോറന്‍സിക് പരിശോധന തുടങ്ങിയ പ്രാഥമിക നടപടികള്‍ ആരംഭിച്ചതായും എസ്.ഐ പറഞ്ഞു.
അസ്ഥികൂടത്തിന് മാസങ്ങളോളം പഴക്കമുണ്ടെന്നാണ് നിഗമനം. തലയോട്ടി, എല്ലിന്‍കഷണങ്ങള്‍ എന്നിവ പ്രദേശത്ത് ചിതറിയ നിലയിലായിരുന്നു. അസ്തികൂടം കുറ്റികാടിനുള്ളില്‍ എത്തിയത് എങ്ങനെയെന്നതിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് വ്യക്തമല്ല. പ്രദേശവാസികള്‍ എത്തിപ്പെടാന്‍ മടിക്കുന്ന ഒഴിഞ്ഞ കിടക്കുന്ന ഭൂമിയില്‍ മൃതദേഹം എത്തിയതിന് പിന്നിലും സംശയം നിലനില്‍കുന്നുണ്ട്. അതേസമയം സമീപത്തെ മരത്തില്‍ ലുങ്കി കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.