X
    Categories: keralaNews

തദ്ദേശ സഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് കനത്ത തിരിച്ചടി

തദ്ദേശ സഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് കനത്ത തിരിച്ചടി . 6 സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ 21 ഉണ്ടായിരുന്നത് ഇടതുപക്ഷത്തിന് 15 ആയി കുറഞ്ഞു. കോട്ടയത്ത് കേരളാ കോണ്‍ഗ്രസിന് ശക്തി കേന്ദ്രത്തില്‍ തിരിച്ചടി. നാല് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യു.ഡി.എഫ് ജയിച്ചു. രണ്ടിടത്ത് എല്‍.ഡി.എഫിന് ജയിക്കാനായെങ്കിലും ഒരു സിറ്റിങ് സീറ്റ് നഷ്ടമായി. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ടൗണ്‍ വാര്‍ഡ് ആണ് യു.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് സ്വതന്ത്രന്‍ ഷിബു പോതമാക്കല്‍ 282 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. പാറത്തോട് പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡ് (ഇടക്കുന്നം) എല്‍.ഡി.എഫ് ജയിച്ചു. ജോസിന അന്ന ജോസ് 28 വോട്ടിനാണ് എസ്.ഡി.പി.ഐയെ പരാജയപ്പെടുത്തിയത്.

വെളിയന്നൂര്‍ പഞ്ചായത്ത് ഏഴാംവാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ അനുപ്രിയ സോമന്‍ 126 വോട്ടുകള്‍ക്ക് യു.ഡി.എഫ് സ്വതന്ത്രന്‍ പി.എ രാജനെ തോല്‍പ്പിച്ചു. എരുമേലി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് (ഒഴക്കനാട്) വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. അനിതാ സന്തോഷ് 232 വോട്ടുകള്‍ക്ക് വിജയിച്ചു. എറണാകുളം കോതമംഗലം പോത്താനിക്കാട് എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. സി.പി.എം സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു.
കൊല്ലം വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 241 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 262 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി.

ആലപ്പുഴ ജില്ലയില്‍ വാര്‍ഡുകള്‍ എല്‍.ഡി.എഫും ബി.ജെപിയും നിലനിര്‍ത്തി. പത്തനംതിട്ട കല്ലൂപ്പാറ 7-ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജയിച്ചു. എല്‍.ഡി.എഫ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. തൃശൂര്‍ ഒരു ബ്ലോക്ക് ഡിവിഷനടക്കം തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍.ഡി.എഫ് വിജയിച്ചു. പാലക്കാട് ആലത്തൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം അലി 7794 വോട്ടുകള്‍ക്ക് വിജയിച്ചു. കടമ്പഴിപ്പുറം 17ാം വാര്‍ഡ് പാട്ടിമലയില്‍ എല്‍ഡിഎഫിന്റെ കുളക്കുഴി ബാബുരാജ് വിജയിച്ചു. വെള്ളിനേഴി ഒന്നാം വാര്‍ഡ് കാന്തള്ളൂരും എല്‍.ഡി.എഫ് നിലനിര്‍ത്തി. ആനക്കര പഞ്ചായത്തിലെ വാര്‍ഡ് ഏഴ് മലമക്കാവ് 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് നിലനിര്‍ത്തി. പി. ബഷീര്‍ ആണ് വിജയിച്ചത്. തൃത്താല പഞ്ചായത്തിലെ എല്‍.ഡി.എഫ് സിറ്റിങ് വാര്‍ഡായ രണ്ടാം വാര്‍ഡ് വി.കെ കടവില്‍ യു.ഡി.എഫ് വിജയിച്ചു. ഭൂരിപക്ഷം 256. യു.ഡി.എഫിലെ മുഹമ്മദാലിക്ക് 694 വോട്ടും എല്‍.ഡി.എഫിലെ അബ്ദുള്‍ വാഹിദിന് 438 വോട്ടുമാണ് ലഭിച്ചത്.

മലപ്പുറം കരുളായി ചക്കിട്ടാമല വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. 68 വോട്ടിന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി സുന്ദരന്‍ കരുവാടന്‍ ജയിച്ചു.
മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കുന്നുംപുറത്ത് യു.ഡി.എഫ് പാലമഠത്തില്‍ കോഴിശേരി ഫിര്‍ദൗസും ഊരകം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കൊടലികുണ്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കരിമ്പന്‍ സമീറയും വിജയിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് യു.ഡി.എ.എഫ് പിടിച്ചെടുത്തു. മുസ്‌ലിംലീഗിലെ പി.മുംതാസ് ആണു വിജയിച്ചത് (ഭൂരിപക്ഷം168). വയനാട്‌സുല്‍ത്താന്‍ ബത്തേരി നഗരസഭ പാളാക്കര യു.ഡി.എഫിലെ കെ.എസ് പ്രമോദ് വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി.

 

Chandrika Web: