X

തദ്ദേശ സ്വയംഭരണ ദിനാഘോഷം:സര്‍ക്കാര്‍ പിരിച്ചത് 1.17 കോടി

മലപ്പുറം: അഴിമതിയുടെ കുത്തരങ്ങായി മാറിയ ഇടതു സര്‍ക്കാര്‍ പുതിയ തീവെട്ടിക്കൊള്ളയുമായി രംഗത്ത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ പേരില്‍ ഒറ്റ ദിവസം കൊണ്ട് കോടികളാണ് സര്‍ക്കാര്‍ കൈക്കലാക്കിയിരിക്കുന്നത്. നിലവില്‍ പഞ്ചായത്ത് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 19 ഈ വര്‍ഷം മുതല്‍ തദ്ദേശ സ്വയംഭരണ ദിനമായിട്ടാണ് ആഘാഷിക്കുന്നത്. ഇതിന്റെ ചെലവിലേക്കായി തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചിത തുക നല്‍കണമെന്നുമാവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും വന്നത്.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ 7500, ബ്ലോക്ക് പഞ്ചായത്തുകള്‍ 12500, ജില്ലാ പഞ്ചായത്തുകള്‍ 25000, മുനിസിപ്പാലിറ്റികള്‍ 25000, കോര്‍പ്പറേഷനുകള്‍ 50000 എന്നിങ്ങനെയാണ് തുക നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നാണ് തുക നല്‍കേണ്ടതെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കേണ്ടതെന്നും നിര്‍ദേശമുണ്ടായിരുന്നു. 1,17,82,500 രൂപയാണ് ഈ വകയില്‍ സര്‍ക്കാര്‍ പിരിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 70,57,500 രൂപയും ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് 19,00,000, രൂപയും ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് 3,50,000, രൂപയും മുനിസിപ്പാലിറ്റികളില്‍ നിന്ന് 21,75,000 രൂപയുമാണ് പിരിച്ചത്. കോര്‍പ്പറേഷന്റെ വിഹിതമായി 3,00,000 ലക്ഷവും ലഭിച്ചു. ഒരു ദിവസം മാത്രമായിരുന്നു തുക നല്‍കാന്‍ സമയം അനുവദിച്ചത്. തിങ്കളാഴ്ച മെയില്‍ ലഭിക്കുകയും ചൊവ്വാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ചെലവിലേക്ക് എന്ന് പറഞ്ഞാണ് ഫണ്ട് പിരിക്കുന്നത്. കോവിഡ് 19ന്റെയും ഒമിക്രോണിന്റെയും വ്യാപനം രൂക്ഷമായതിനാല്‍ സംസ്ഥാനതലത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും ഇതിനാല്‍ സംസ്ഥാനതലം, ജില്ലാതലം, ബ്ലോക്ക്തലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായിരിക്കും ആഘോഷ പരിപാടികള്‍ നടക്കുകയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനതല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. അപ്പോഴാണ് അതിന്റെ ചെലവിലേക്കായി ഒറ്റദിവസം കൊണ്ട് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കോടി രൂപ പിരിച്ചെടുത്തത്.

തിരുവനന്തപുരത്താണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. ജില്ലാ തലങ്ങളിലും ബ്ലോക്ക് തലങ്ങളിലും പരിപാടി സംഘടിപ്പിക്കും. 18, 19 തീയതികളിലായിട്ടാണ് പരിപാടികള്‍. 18ന് പൂര്‍ണമായും ഓണ്‍ലൈനാണ്. 19ന് നടക്കുന്ന പരിപാടി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടക്കുക. 19ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതിനാല്‍ ജില്ലാ, ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഉദ്ഘാടനം വേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും സെമിനാറും നടത്തിയാല്‍ മതിയെന്നാണ് പറയുന്നത്. സംസ്ഥാനതല ഉദ്ഘാടനം ജില്ലാ, ബ്ലോക്ക് കേന്ദ്രങ്ങളില്‍ തത്സമയും പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ മികച്ച ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കി വരുന്ന സ്വരാജ് ട്രോഫി മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകള്‍ക്ക് കൂടി നല്‍കുന്നുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ക്ക് മഹത്മാ അയ്യങ്കാളി പുരസ്‌കാരവും നല്‍കുന്നുണ്ട്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്കും ഇത്തവണ പുരസ്‌കാരം ഉണ്ട്. അതേസമയം മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷ പരിപാടികളും പണപ്പിരിവുമെല്ലാം അഴിമതി ലക്ഷ്യംവെച്ചാണ് എന്നുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്.

Test User: