X

നാട്ടിലെ മുസ്ലിം സഹോദരന്‍ മരിച്ചു; മലപ്പുറത്ത് ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി ക്ഷേത്ര ഭാരവാഹികള്‍

മതസൗഹൃദത്തിന്റെ സന്ദേശമുയര്‍ത്തി മലപ്പുറത്ത് നിന്നൊരു വാര്‍ത്ത. തിരൂര്‍ പ്രദേശത്തെ മുസ്ലിം കാരണവര്‍ മരിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍ വേണ്ടെന്നുവെച്ചു. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളാണ് റദ്ദാക്കിയത്. ക്ഷേത്രത്തിന് സമീപം ചെറാട്ടില്‍ ഹൈദര്‍ എന്നയാള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണവിവരം അറിഞ്ഞതോടെ ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു. ഉത്സവം ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനം.

ആഘോഷത്തിന്റെ ഭാഗമായി ബാന്‍ഡ്‌മേളം, ശിങ്കാരിമേളം, മറ്റ് കലാരൂപങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിരുന്നു. മുസ്്ലിം കാരണവരുടെ മരണം നടന്നതോടെ ഇതെല്ലാം വേണ്ടെന്ന് വെച്ചു. ഹൈദറിന്റെ മയ്യിത്ത് നിസ്‌കാരത്തിന് മുമ്പ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദിച്ചു. നാട്ടിലെ കാരണവരും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു ഹൈദര്‍ എന്നും ഇദ്ദേഹം മരിച്ചതിന്റെ ദുഃഖത്തില്‍ പങ്കുചേരാനാണ് ആഘോഷം ഒഴിവാക്കിയതെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ടി.പി. വേലായുധന്‍, എം.വി. വാസു, ടി.പി. അനില്‍കുമാര്‍, കെ.പി. സുരേഷ്, ബാബു പുന്നശേരി എന്നിവര്‍ പറഞ്ഞു.

 

 

Test User: