കണ്ണൂര്‍: കടയില്‍ മറന്നു വെച്ച പണമടങ്ങിയ ബാഗ് തിരികെ നല്‍കി തട്ടുകടക്കാരന്റെ മാതൃക. കണ്ണൂര്‍ കാല്‍ടെക്‌സില്‍ തട്ടുകട നടത്തുന്ന നാസറാണ് തന്റെ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ബംഗളൂരു സ്വദേശിയുടെ ബാഗ് തിരികെ നല്‍കിയത്. ബുധനാഴ്ച്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയ കര്‍ണാടക സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് നാസറിന്റെ കയില്‍ ബാഗ് മറന്നുവെച്ചത്.
ഇയാള്‍ ഭക്ഷണം കഴിച്ച് പോയതിന് ശേഷശമാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അതേതുടര്‍ന്ന് ബാഗ് ചന്ദ്രിക ഓഫീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
രാവിലെ ബാഗ് അന്വേഷിച്ച് വന്ന മാധ്യമപ്രവര്‍ത്തകന്‍ അടുത്ത കടയില്‍ നിന്നും നാസറിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. പണം,എടിഎം കാര്‍ഡ്, വിവിധ ഫയലുകള്‍ എന്നിവ ബാഗിലുണ്ടായിരുന്നു.മാഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് പോകും വഴി ഭക്ഷണം കഴിക്കാനാണ് തട്ടുകടയിലെത്തിയത്. നാസര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഇയാള്‍ ചന്ദ്രിക ഓഫീസിലെത്തി ബാഗ് തിരിച്ചു വാങ്ങുകയും ചെയ്തു.