തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി മുസ്ലിംലീഗ്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളത്തിലെ എട്ട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തന പദ്ധതികൾക്ക് ആലപ്പുഴയിൽ ചേർന്ന ലീഡേഴ്സ് മീറ്റ് അന്തിമരൂപം നൽകി. പഞ്ചായത്ത്-മുനിസിപ്പൽ തലത്തിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള പ്രത്യേക വികസന കാഴ്ചപ്പാടുകൾ തയാറാക്കാനും സമിതികൾക്ക് രൂപം നൽകി. പാർട്ടി സംസ്ഥാന ഭാരവാഹികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, എം.എൽ.എമാർ എന്നിവർ അടങ്ങിയ മൂന്നംഗ സമിതിക്കാണ് ഓരോ ജില്ലയുടെയും ചുമതല. നീരീക്ഷകരുടെ സാന്നിധ്യത്തിൽ സെപ്തംബർ ഒന്ന് മുതൽ 15വരെയുള്ള ദിവസങ്ങളിൽ എട്ട് ജില്ലകളിലും പഞ്ചായത്ത്, മുനിസിപ്പൽ തലം വരെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ജില്ലാതല യോഗങ്ങൾ ചേരും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള കർമ്മ പരിപാടികളെ കുറിച്ചും അത്തരം യോഗങ്ങളിൽ രൂപരേഖ തയാറാക്കും.
സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനും മുന്നണി സംവിധാനം കൂടുതൽ ഐക്യപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങൾ യോഗങ്ങളിൽ വിശദമായി ചർച്ച ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ വർദ്ധിപ്പിക്കാനുളള പദ്ധതികൾക്കാണ് യോഗം രൂപം നൽകിയത്. മലബാറിന് സമാനമായ നിലയിൽ തെക്കൻ കേരളത്തിലും പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തും. എട്ട് ജില്ലകളിൽ നിന്നുള്ള മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർമാരും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരും പോഷക സംഘടനകളുടെ പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം വൈകിട്ട് നാലിന് സമാപിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. എം സലിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ, അഡ്വ. മുഹമ്മദ് ഷാ, പാറക്കൽ അബ്ദുല്ല എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. നൗഷാദ് ഹുദവി പുതുപ്പറമ്പ്, അബ്ദുൽ കബീർ സി. ചുങ്കത്തറ എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് നന്ദി രേഖപ്പെടുത്തി. എം.എൽ.എമാരായ യു. എ ലത്തീഫ്, എൻ.എ നെല്ലിക്കുന്ന്, ടി. വി ഇബ്രാഹീം, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ, നേതാക്കളായ കെ. ഇ അബ്ദുറഹ്മാൻ, എം. അൻസാറുദ്ദീൻ, വി.കെ.പി ഹമീദലി, സി. ശ്യാംസുന്ദർ, എം. എ സമദ്, എ.എം നസീർ, അഡ്വ. എച്ച്. ബഷീർകുട്ടി, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി. ഇ അബ്ദുൽ ഗഫൂർ, കെ.എം.എ ഷുക്കൂർ, കെ.എസ് സിയാദ്, അസീസ് ബഡായി, റഫീഖ് മണിമല, ടി. എം ഹമീദ്, സമദ് മേപ്രത്ത്, നൗഷാദ് യൂനിസ്, സുൽഫിക്കർ സലാം, ബീമപള്ളി റഷീദ്,നിസാർ മുഹമ്മദ് സുൽഫി, അഹമ്മദ്കുട്ടി ഉണ്ണിക്കുളം,അഡ്വ. എം റഹ്മത്തുല്ല,അഡ്വ. എ.എ റസാഖ്,ഹനീഫ മുന്നിയൂർ, സുഹറ മമ്പാട്, അഡ്വ. പി കുൽസു,ഷിബു മീരാൻ, കമാൽ എം. മാക്കിയിൽ, കെ.എം ഇബ്രാഹിം, പി.എ അഹമ്മദ് കബീർ, ആർ.വി അബ്ദുറഹീം, ടി.കെ നവാസ്, എസ്.എൻ പുരം നിസാർ തുടങ്ങിയവർ സംസാരിച്ചു.