X

നാടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ​ഗോമാതാ’; പ്രഖ്യാപിച്ച് മഹാരാഷ്ട്ര ബിജെപി സർക്കാർ

മഹാരാഷ്ട്രയില്‍ പശുക്കള്‍ക്ക് ഇനി പ്രതൃക പദവി . തദ്ദേശീയ പശുക്കള്‍ക്ക് ‘രാജ്യമാതാ-ഗോമാതാ’ എന്ന പദവി നല്‍കി ബിജെപി- ഷിന്‍ഡെ ശിവസേന- എന്‍സിപി (അജിത് പവാര്‍) സഖ്യ സര്‍ക്കാര്‍ ഉത്തരവായി. വേദകാലഘട്ടം മുതലുള്ള പ്രാധാന്യം കണക്കിലെടുത്താണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സര്‍ക്കാരിന്റെ തീരുമാനം.

മനുഷ്യനുള്ള പോഷകാഹാരത്തില്‍ നാടന്‍ പശുവിന്‍പാലിന്റെ പ്രാധാന്യം, ആയുര്‍വേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയില്‍ പശുച്ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീരുമാനം ഇന്ത്യന്‍ സമൂഹത്തില്‍ പശുവിന്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സാംസ്‌കാരിക ഭൂപ്രകൃതിയില്‍ പശുക്കള്‍ വഹിക്കുന്ന അവിഭാജ്യ പങ്കാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഉ?ദ്യോ?ഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഗോശാലകളില്‍ നാടന്‍ പശുക്കളെ പരിപാലിക്കാന്‍ പ്രതിദിനം 50 രൂപ നല്‍കുന്ന സബ്സിഡി പദ്ധതി അവതരിപ്പിക്കാനും തീരുമാനിച്ചു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സഹായിക്കാനാണ് ഈ നീക്കം.

നാടന്‍ പശുക്കളെ വളര്‍ത്തുന്നതിന് പ്രതിദിനം 50 രൂപ സബ്സിഡി പദ്ധതി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മഹാരാഷ്ട്ര ഗോസേവ കമ്മീഷനാണ് ഈ സംരംഭം നിയന്ത്രിക്കുന്നത്. 2019ലെ സെന്‍സസ് പ്രകാരം 20.69 ശതമാനമായി കുറഞ്ഞ നാടന്‍ പശുക്കളുടെ എണ്ണത്തിലെ പ്രതിസന്ധി പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ പറയുന്നു.

പദ്ധതിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഓരോ ജില്ലയിലും ജില്ലാ ഗോശാല വേരിഫിക്കേഷന്‍ കമ്മിറ്റി ഉണ്ടായിരിക്കുമെന്നും 2019 ലെ 20-ാമത് മൃഗ സെന്‍സസ് പ്രകാരം നാടന്‍ പശുക്കളുടെ എണ്ണം 46,13,632 ആയി കുറഞ്ഞതായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു. ‘നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. അതിനാല്‍, അവയ്ക്ക് ‘രാജ്യ മാതാ’ പദവി നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഗോശാലകളിലെ നാടന്‍ പശുക്കളെ വളര്‍ത്താന്‍ സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്’- ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

webdesk13: