തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുന്ന കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സര്‍വകക്ഷി യോഗത്തിലെ ആവശ്യം പരിഗണിച്ചാണ് കമ്മീഷന്‍ പുതിയ തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് നീക്കിവെക്കുന്നത് സംബന്ധിച്ച് സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയാല്‍ അത് അംഗീകരിച്ചേക്കുമെന്നാണ് സൂചന. അതേസമയം, നവംബര്‍ 11-ന് ശേഷം പുതിയ ഭരണസമിതികള്‍ നിലവില്‍ വന്നില്ലെങ്കില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറുമെന്ന സ്ഥിതിയും നിലവിലുണ്ട്.
ഒക്ടോബര്‍ അവസാനം രണ്ട് ഘട്ടങ്ങളായി നടക്കാനിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തല്‍ക്കാലം നീട്ടിവെക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഉദ്യോഗസ്ഥ ഭരണം വരുന്ന സാഹചര്യത്തില്‍ സ്പെഷല്‍ ഓഫീസറോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ ആവും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ഇവര്‍ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ഭരണസമിതി നിലവില്‍ വരുന്നതുവരെ ഇപ്പോഴത്തെ ഭരണസമിതികളുടെ കാലാവധി നീട്ടിക്കൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന സര്‍വകക്ഷി യോഗത്തിലെ ആവശ്യം നടപ്പിലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.