തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ത്രിതല പഞ്ചായത്തുകളില്‍ രാവിലെ പത്തിനും കോര്‍പറേഷനുകളില്‍ 11.30നുമാണ് സത്യപ്രതിജ്ഞ ആരംഭിക്കുക. കോവിഡ് ബാധിക്കുകയോ സമ്പർക്കവിലക്കിൽ ആവുകയോ ചെയ്തവർ ഏറ്റവും അവസാനം പി.പി.ഇ കിറ്റ് ധരിച്ചാണ് എത്തേണ്ടത്.
ഭൂരിപക്ഷമില്ലാത്ത സ്ഥാപനങ്ങളിൽ ഭരണം ഉറപ്പാക്കാൻ സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണക്ക് തിരക്കിട്ട നീക്കങ്ങളിലാണ് പ്രധാന പാർട്ടികൾ. തുല്യത വന്നാൽ നറുക്കിടും.
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് വരണാധികാരികളാണ്. കോർപറേഷനുകളില്‍ കലക്ടർമാരും സത്യപ്രതിജ്ഞയുടെ ചുമതല വഹിക്കും. ഓരോയിടത്തും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരിക്കുമുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് ഈ അംഗം മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
മേയർ, മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് രാവിലെ 11നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് അന്നുതന്നെ ഉച്ചകഴിഞ്ഞ് രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30ന് രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും നടക്കും.