X

തദ്ദേശഭരണ തെരഞ്ഞെടുപ്പ് തിയ്യതി മാറ്റണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികളില്‍ നേരിയ മാറ്റം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം ചീഫ് സെക്രട്ടറിയാണ് കമ്മീഷനെ അറിയിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്മീഷന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണ് നീക്കം. ആറ് മാസം വരെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാകാമെന്നാണ് ചട്ടം.

തെരഞ്ഞെടുപ്പ് നീട്ടാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ലഭിച്ചാല്‍ നിയമവശം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളുടെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളില്‍ ആറ് മാസത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി പരമാവധി വേഗത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.

Test User: