X
    Categories: main stories

വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍; വിജയപ്രതീക്ഷയില്‍ യുഡിഎഫ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കൈയുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് ഹാളില്‍ പ്രവേശിക്കുക. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം.

കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.

പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു മേശ എന്ന രീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് മേശകള്‍ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: