തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം 16നു പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 23 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജൂലൈ 26നാണ്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 28 ആണ്. വോട്ടെടുപ്പ് ഓഗസ്റ്റ് 11 ന് രാവിലെ 7ന് ആരംഭിച്ച് വൈകിട്ട് 6ന് അവസാനിക്കും. വോട്ടെണ്ണല്‍ ഓഗസ്റ്റ് 12നു രാവിലെ 10നു നടക്കും.