X

സര്‍ക്കാര്‍ കുരുക്കില്‍ വഴിമുട്ടി പ്രാദേശിക ഭരണകൂടങ്ങള്‍-പി.കെ ഷറഫുദ്ദീന്‍

ബജറ്റ് വിഹിതം വെട്ടിക്കുറച്ചും വാര്‍ഷികപദ്ധതി അംഗീകാര നടപടി വൈകിപ്പിച്ചും അധികാരങ്ങള്‍ കവര്‍ന്നും സര്‍ക്കാര്‍ ഒരുക്കുന്ന കുരുക്കില്‍ കുടുങ്ങി തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. 1994ല്‍ കേരള പഞ്ചായത്ത്‌രാജ്, നഗരപാലിക നിയമങ്ങള്‍ നിലവില്‍വന്ന ശേഷമുള്ള ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് പ്രാദേശിക സര്‍ക്കാറുകള്‍ കടന്നുപോകുന്നത്. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഇരയാക്കപ്പെടുമ്പോള്‍ സംസ്ഥാന ബജറ്റ് പോലും അട്ടിമറിക്കപ്പെടുകയാണ്. സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളും നേരിടുന്ന ഗുരുതര പ്രതിസന്ധി കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയുടെ പ്രതിനിധി നജീബ് കാന്തപുരം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗൗരവമായ ഈ വിഷയത്തിലെ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാവാതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണ് ചെയ്തത്. നജീബ് കാന്തപുരവും പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും അക്കമിട്ട് നിരത്തിയ വിഷയങ്ങള്‍ക്ക് ഒന്നിനു പോലും കൃത്യമായ മറുപടി നല്‍കാതെ വകുപ്പ്മന്ത്രി എം.വി ഗോവിന്ദന്‍ ഇരുട്ടില്‍ തപ്പുന്നതാണ് കണ്ടത്. സര്‍ക്കാറിന്റെ വീഴ്ച മൂലമാണ് പദ്ധതി അംഗീകാര നടപടി മൂന്ന് മാസത്തിലേറെ താമസിച്ചത്. ഇത്മൂലം പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെവന്നാല്‍ തുക അടുത്ത വര്‍ഷത്തേക്ക് ക്യാരി ഓവറായി പ്രത്യേകമായി അനുവദിക്കുന്നത് സംബന്ധിച്ചോ ബജറ്റ് വിഹിതത്തില്‍നിന്നും ഓരോ തദ്ദേശസ്ഥാപനത്തിനും കുറവ് വരുത്തിയ കോടികള്‍ പുനസ്ഥാപിക്കുന്നതിനെകുറിച്ചോ സ്പില്‍ഓവര്‍ പദ്ധതികള്‍ക്ക് അധികം വിഹിതം അനുവദിക്കുന്നതിനെകുറിച്ചോ മന്ത്രിയില്‍നിന്നും മറുപടിയുണ്ടായില്ല. പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നതിന് യാതൊരു മാര്‍ഗവും സര്‍ക്കാര്‍ പരിഗണനയിലില്ലെന്ന് വ്യക്തമാകുന്നതായിരുന്നു മന്ത്രിയുടെ മറുപടി പ്രസംഗം.

2022-23 സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വാര്‍ഷിക പദ്ധതിക്ക് ഇതേവരെ അംഗീകാരം നല്‍കിയിട്ടില്ല എന്ന സാഹചര്യം ഗൗരവമേറിയതാണ്. പ്രാദേശിക സര്‍ക്കാറുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 12 മാസം പൂര്‍ണമായി ലഭിക്കുന്ന സാഹചര്യത്തിന് ഇത്തവണ സര്‍ക്കാര്‍തന്നെ തുരങ്കം വെച്ചിരിക്കയാണ്. ഇനി ഈ മാസം അംഗീകാരം നല്‍കിയാല്‍പോലും 8 മാസം മാത്രമാണ് പ്രവര്‍ത്തനത്തിന് ലഭിക്കുക. ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന സാഹചര്യം സംസ്ഥാനത്ത് മുമ്പുണ്ടായിരുന്നു. എന്നാല്‍ 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിന് ഘട്ടംഘട്ടമായി മാറ്റംവരുത്തി. 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ ഏപ്രില്‍ ഒന്നിന്തന്നെ പദ്ധതി ആരംഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയിരുന്നു. ഈ സംവിധാനമാണ് ഈ വര്‍ഷം തകര്‍ന്നത്. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ തയ്യാറാക്കുന്നത് വൈകിയതും ബജറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പവുമാണ് ഈ ഗുരുതര സാഹചര്യത്തിന് കാരണം. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ 2022 ജനുവരിയിലെങ്കിലും പുറത്തിറക്കാന്‍ സര്‍ക്കാറിന് സാധിക്കണമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് മാത്രമായി 2022 ജനുവരിയില്‍ തന്നെ പ്രത്യേക ഗ്രാമസഭയും ഭരണസമിതിയും ചേര്‍ന്ന് രൂപം നല്‍കേണ്ട സാഹചര്യമാണ് ഇത്തവണയുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നെങ്കില്‍ ഇതിനൊപ്പം മൊത്തം പദ്ധതികള്‍ക്കും രൂപം നല്‍കാന്‍ അവസരം ലഭിക്കുമായിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനമാണ് ഈ പ്രവര്‍ത്തനത്തിന് തടസമായത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ പുറത്തിറങ്ങുന്നത് ഏപ്രില്‍ 19 നാണ്. സബ്‌സിഡി മാര്‍ഗരേഖ പുറത്തിറക്കുന്നത് മെയ് 28 നും. 2022-23 സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച തുക ഓരോരോ കാരണങ്ങള്‍ നിരത്തി തിരിച്ച്പിടിക്കുന്ന നടപടിയും പ്രതിസന്ധി രൂക്ഷമാക്കുന്നു. 4-6-2022ലെ 1376 നമ്പര്‍ ഉത്തരവിലൂടെ സാധാരണ വിഹിതത്തില്‍ നിന്നും തുക വെട്ടിക്കുറച്ച സര്‍ക്കാര്‍ 5-7- 22ലെ 1602 നമ്പര്‍ ഉത്തരവിലൂടെ റോഡ്, റോഡിതര മെയിന്റനന്‍സ് ഗ്രാന്റുകള്‍ വന്‍ തോതില്‍ വെട്ടിക്കുറച്ചിരിക്കയാണ്. ബജറ്റ് വിഹിതം കണക്കാക്കിയാണ് ഗ്രാമസഭകളും വികസന സെമിനാറും ഭരണ സമിതികളും ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കിയത്. അതിന്‌ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി ഡാറ്റാ എന്‍ട്രി നടത്തുന്ന ഘട്ടത്തിലാണ് ഫണ്ട് വെട്ടിക്കുറക്കുന്നത്. അന്തിമമാക്കി തീരുമാനിക്കുകയും പ്രഖ്യാപിക്കുകയുംചെയ്ത പദ്ധതി ഉപേക്ഷിക്കേണ്ട ഗുരുതര സാഹചര്യമാണുള്ളത്. ബജറ്റിനെയും സര്‍ക്കാര്‍ ഉത്തരവിനെയും വിശ്വസിച്ച് തയ്യാറാക്കിയ പദ്ധതി ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ഈ സംവിധാനത്തിന്റെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാന ബജറ്റിലെ അനുബന്ധം നാല് പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീതിച്ചുനല്‍കിയ തുക പ്രകാരമാണ് പദ്ധതി തയ്യാറാക്കേണ്ടത്. ബജറ്റില്‍ സാധാരണ വിഹിതത്തിലും പട്ടികജാതി ഉപപദ്ധതിയിലും പട്ടിക വര്‍ഗ ഉപപദ്ധതിയിലും ഓരോ തദ്ദേശ സ്ഥാപനത്തിനായി നീക്കിവെച്ച തുക കണക്കാക്കുന്ന തുകയുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് അനുബന്ധം 4ലെ 256 ാം പേജില്‍ കൃത്യമായി വ്യക്തമാക്കിയതാണ്. ഇത് പ്രകാരം പദ്ധതി തയ്യാറാക്കുന്നതിന് കണക്കാക്കേണ്ടത് അനുബന്ധം നാലില്‍ വിവരിച്ച തുകയുടെ മൂന്നിരട്ടിയാണ്. മെയിന്റനന്‍സ് ഫണ്ട് പൂര്‍ണ തുക ബജറ്റില്‍ വിവരിച്ചതിനാല്‍ ഈ തുകക്കുള്ള പദ്ധതിയും തയ്യാറാക്കണം. ഇത് കണക്കാക്കിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ കരട്പദ്ധതി തയ്യാറാക്കിയത്. ഗ്രാമസഭകളും വര്‍ക്കിങ് ഗ്രൂപ്പുകളും ഭരണസമിതികളും ചേര്‍ന്ന് കരട് പദ്ധതി തയ്യാറാക്കുകയും വികസന സെമിനാറില്‍ അന്തിമരൂപം നല്‍കുകയും ചെയ്തശേഷമാണ് 4.6.2022ന് 1376 നമ്പര്‍ എല്‍. എസ്.ജി.ഡി ഉത്തരവ് വരുന്നത്. ഈ ഉത്തരവില്‍ മെയിന്റനന്‍സ് ഫണ്ടും ധനകാര്യ കമ്മീഷന്‍ ഗ്രാന്റും ബജറ്റില്‍ വിവരിച്ച തുകപ്രകാരം പദ്ധതി തയ്യാറാക്കാവുന്നതാണെന്നും ജനറല്‍ സാധാരണ വിഹിതത്തിലും പട്ടികജാതി പദ്ധതിയിലും പട്ടിക വര്‍ഗ ഉപപദ്ധതിയിലും ബജറ്റ് വിഹിതം പരിഗണിക്കാതെ 2021-22ലെ ബജറ്റ് വിഹിതത്തെ അടിസ്ഥാനമാക്കി പദ്ധതി തയ്യാറാക്കണമെന്നു വ്യക്തമാക്കി. ഇതോടെ തയ്യാറാക്കിയ പദ്ധതിയില്‍ ജനറല്‍, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ വലിയ തുകയുടെ കുറവ് വരുന്ന സാഹചര്യമുണ്ടായി. പദ്ധതി സംബന്ധിച്ച അന്തിമ ഉത്തരവാണ് എന്ന ഉറപ്പില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അന്തിമമാക്കിയ പദ്ധതി വീണ്ടും ഈ ഉത്തരവ്പ്രകാരം പുനക്രമീകരിച്ചു. പദ്ധതി ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സുലേഖ സോഫ്റ്റ്‌വെയര്‍ തുറക്കാത്തതായിരുന്നു അടുത്ത പ്രതിസന്ധി. പിന്നീട് ജൂണ്‍ അവസാനം സോഫ്റ്റ്‌വെയര്‍ തുറന്നതോടെ പദ്ധതികളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുന്നതിനുള്ള വേഗതയാര്‍ന്ന ശ്രമത്തിലായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍.

ഈ സമയത്താണ് ജൂലൈ 5ന് തദ്ദേശ സ്ഥാപനങ്ങളെ പാടെ തളര്‍ത്തുന്ന 1602 നമ്പര്‍ ഉത്തരവ് വരുന്നത്. മെയിന്റനന്‍സ് റോഡ് വിഹിതവും നോണ്‍ റോഡ് വിഹിതവും കുത്തനെ വെട്ടിക്കുറക്കുന്ന ഉത്തരവായിരുന്നു ഇത്. തുക വെട്ടിക്കുറക്കുന്നതായി വാചകത്തില്‍ പറയുന്നില്ലെങ്കിലും ഉത്തരവിലൂടെ ഒന്നുമുതല്‍ നാല് കോടി രൂപയുടെ വരെ കുറവ് ജില്ലാ പഞ്ചായത്തുകള്‍ ഒഴികെയുള്ള മിക്ക തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ടായിട്ടുണ്ട്. ബജറ്റ് അനുബന്ധം നാലില്‍ വിവരിച്ച തുക പ്രകാരം പദ്ധതി തയ്യാറാക്കിയ സ്ഥാപനങ്ങളോട് ഇതില്‍ മാറ്റം വരുത്തി 2020-21 ലെ ബജറ്റ് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശിച്ചത്. ഇതിന് സര്‍ക്കാര്‍ പറയുന്ന കാരണം സംസ്ഥാന ബജറ്റിന്റെ സാധുതയെ തന്നെ ചോദ്യംചെയ്യുന്നതാണ്. തദ്ദേശസ്ഥാനപങ്ങള്‍ക്ക് മെയിന്റനന്‍സ് ഫണ്ട് വീതിച്ചു നല്‍കിയതില്‍ സംഭവിച്ച ന്യൂനത കുറ്റമറ്റതാക്കുന്നതിന് സാവകാശം വേണമെന്നായിരുന്നു സര്‍ക്കാര്‍ ന്യായീകരണം. 2022-23 സംസ്ഥാന ബജറ്റില്‍ റോഡിതര മെയിന്റനന്‍സ് വിഹിതമായി 115602. 43 ലക്ഷം രൂപയും റോഡ് മെയിന്റനന്‍സ് വിഹിതമായി 184963.88 ലക്ഷം രൂപയുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചത്. ഇത് ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മാനദണ്ഡങ്ങള്‍ പ്രകാരമാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി വീതിച്ചു നല്‍കിക്കൊണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ അപാകതയുണ്ടായോ എന്ന് സര്‍ക്കാര്‍ തന്നെ സംശയിക്കുന്നു എന്നത് ബജറ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. പദ്ധതി രൂപീകരണം ഇത്രയും വൈകിച്ചതിന് പിന്നിലും ഗൂഡ ലക്ഷ്യമുണ്ട്. പദ്ധതി പ്രവര്‍ത്തനത്തിന് സമയം നല്‍കാതെ ചെലവഴിക്കാത്ത തുക തിരിച്ച്പിടിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിനുള്ളത്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന തുകയുടെ 10 ശതമാനത്തില്‍ കൂടുതല്‍ തൊട്ടടുത്ത വര്‍ഷം കൃത്യമായി വര്‍ധിപ്പിച്ചു നല്‍കിയിരുന്നു. മാത്രമല്ല, ഒരു വര്‍ഷം മാര്‍ച്ച് 31നകം ചെലവഴിക്കാത്ത തുക അടുത്ത വര്‍ഷം ക്യാരി ഓവര്‍ തുകയായി ഒരു രൂപ പോലും കുറയാതെ അനുവദിച്ചിരുന്നു. നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡു ജൂലൈ മാസത്തില്‍ അനുവദിക്കുന്നതിനൊപ്പം മുന്‍വര്‍ഷത്തെ ചെലവഴിക്കാത്ത തുകകൂടി അനുവദിക്കണമെന്ന കൃത്യമായ ഉത്തരവ് തന്നെ യു.ഡി. എഫ് സര്‍ക്കാര്‍ പുറത്തിറക്കിയതാണ്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ കൃത്യമായി ഫണ്ട് വര്‍ധിപ്പിക്കുന്ന സാഹചര്യം ഇല്ലാതായി. അനുവദിക്കുന്ന തുക തന്നെ പലരീതിയില്‍ തിരിച്ച്പിടിക്കുന്ന നടപടിക്കും അക്കാലത്ത് തുടക്കമിട്ടു. ധനകാര്യ കമ്മീഷന്‍ ഗ്രാ ന്റില്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ണമായും ക്യാരിഓവറായി തുക അനുവദിക്കുന്നത്.

Chandrika Web: