തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമര നോട്ടീസ് നല്‍കിയ നഴ്‌സുമാരുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന വര്‍ധന നല്‍കാനാകില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിയേണ്ടിവന്നത്.
അതേസമയം മന്ത്രിതല ചര്‍ച്ച നടക്കുന്നതുവരെ പണിമുടക്കിയുള്ള സമരം തുടങ്ങില്ലെന്നും നിസഹകരണ സമരവും സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല ധര്‍ണയും തുടങ്ങുമെന്നും നഴ്‌സുമാര്‍ അറിയിച്ചു. കുറഞ്ഞ അടിസ്ഥാന ശമ്പളം 20000 രൂപയാക്കുക , 200 കിടക്കകളുളള ആശുപത്രികളില്‍ എന്‍ട്രികേഡറില്‍ സര്‍ക്കാര്‍ വേതനമായ 32000 രൂപ ഉറപ്പാക്കുക.
ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക. ഇതായിരുന്നു നഴ്‌സുമാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍. എന്നാലിത് അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായില്ല. ഇത്രയും വലിയ ശമ്പള വര്‍ധന ആശുപത്രികളെ കടക്കെണിയിലാക്കുമെന്നാണ് നിലപാട് . ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലേബര്‍ കമ്മിഷണര്‍ മന്ത്രിക്ക് കൈമാറും. ഇതനുസരിച്ചായിരിക്കും മന്ത്രി തല ചര്‍ച്ചയുടെ തിയതി തീരുമാനിക്കുക .
2016 ജനുവരി 29നാണ് അടിസ്ഥാന ശമ്പളം സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നാണ് കേരളം നല്‍കിയ മറുപടി. അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന നല്‍കില്ലെന്നാണ് മാനേജ്മെന്റുകളും നിലപാടെടുത്തിരുന്നു.