X

ലോണ്‍ ആപ്പ് തട്ടിപ്പ്; ഈ വര്‍ഷം 1427 പരാതികള്‍, 72 ആപ്പുകള്‍ നീക്കം ചെയ്യാനൊരുങ്ങി പൊലീസ്

ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പൊലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.

2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു.

പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്‌റ്റോര്‍, പ്ലേ സ്‌റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും.

നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്. ലോണ്‍ ആപ്പ് കേസുകളില്‍ ഇതുവരെ രണ്ട് എഫ്‌ഐആര്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സൈബര്‍ പൊലീസ് പറയുന്നു. എറണാകുളത്തും വയനാട്ടിലും.

കഴിഞ്ഞ ദിവസം ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ അറിയിക്കാന്‍ 9497980900 എന്ന നമ്പര്‍ പൊലീസ് നല്‍കിയിരുന്നു. ഇതില്‍ ലഭിച്ച 5 സംഭവങ്ങള്‍ തുടര്‍നടപടികള്‍ക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങള്‍ പരിശോധിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

webdesk13: