കെ.എം ഷാജഹാന്‍
ഏതൊരു മലയാളിയുടെയും മനസിനെ ഏറെ മഥിക്കുന്ന സുപ്രധാന പ്രശ്‌നമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം. തമിഴ്‌നാടുമായി 1886ല്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ ഭാഗമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്യപ്പെട്ടത്. മദ്രാസ് പ്രസിഡന്‍സിയുടെ ചില ഭാഗങ്ങളില്‍ ജലസേചന ആവശ്യങ്ങള്‍ക്കായി പെരിയാറില്‍ ജലം വഴിതിരിച്ച് വിടാമെന്നും തമിഴ്‌നാടിന് അവരുടെ വിഹിതം അവകാശമായി ഉന്നയിക്കാമെന്നും പാട്ടക്കരാറില്‍ വ്യക്തമാക്കിയിരുന്നു. പെരിയാര്‍ ഒരു അന്തര്‍ സംസ്ഥാന നദിയല്ല എന്നും, കേരളത്തിന്റെ മാത്രം നദിയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ടും സമ്പൂര്‍ണമായി കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1886ല്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ നിയമസാധുതയാകട്ടെ, സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന്റെ പരിഗണനയിലുമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം പതിറ്റാണ്ടുകള്‍ക്കുമുമ്പ്തന്നെ ഉയര്‍ന്നുവന്നതാണ്. നിര്‍മാണ സാങ്കേതികവിദ്യ അതിന്റെ തുടക്കഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് അണക്കെട്ട് നിര്‍മിച്ചത്. 1960ല്‍തന്നെ അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍, അണക്കെട്ടില്‍നിന്ന് 3500 ടണ്‍ ചുണ്ണാമ്പ് ഒഴുകിപോയിട്ടുണ്ട് എന്ന കാര്യം തമിഴ്‌നാട് സുപ്രീംകോടതിയില്‍തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതിന് പകരമായി 542 ടണ്‍ കോണ്‍ക്രീറ്റ് മാത്രമാണ് അണക്കെട്ടില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമായതിനാല്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതുകൊണ്ട് വലിയ ഗുണമൊന്നുമില്ല എന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോഴുള്ള അണക്കെട്ട് നിലനിര്‍ത്തിക്കൊണ്ട്, അണക്കെട്ടിന്റെ താഴ്‌വാരത്തിലുള്ള 1.5 ലക്ഷം ജനങ്ങളുടെയും നാല് ജില്ലകളില്‍ അധിവസിക്കുന്ന 35 ലക്ഷം ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടതുണ്ട് എന്ന ആവശ്യം, കാലങ്ങളായി കേരളം അതിശക്തമായി ഉന്നയിച്ചുപോരുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന കേരളത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതും, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 152 അടി വരെ ജലനിരപ്പ് ഉയര്‍ത്തുക എന്ന തമിഴ്‌നാടിന്റെ ദീര്‍ഘകാല ആവശ്യത്തെ സാധൂകരിക്കുകയും ചെയ്യുന്ന നടപടിയാണ്, മുല്ലപ്പെരിയാറിലെ മുഖ്യ അണക്കെട്ടിന് അടുത്ത് സ്ഥിതി ചെയ്യുന്ന ബേബിഡാം ശക്തിപ്പെടുത്തുക എന്നത്. ബേബിഡാം ശക്തിപ്പെടുത്താനുള്ള നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡാമിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വന്‍ മരങ്ങള്‍ മുറിച്ചുമാറ്റുക എന്നത്. അതുകൊണ്ടുതന്നെയാണ്, മരം മുറിക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമങ്ങളെ കേരളം ശക്തിയുക്തം എതിര്‍ത്തുപോന്നത്. മാത്രമല്ല, മരം മുറിക്കാന്‍ തമിഴ്‌നാട് സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല.
ഈ പശ്ചാത്തലത്തില്‍ വേണം, മരം മുറിക്കാന്‍ അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിശോധിക്കാന്‍. മുഖ്യമന്ത്രിയോ, ജലസേചന-വനം മന്ത്രിമാരുടെയോ അറിവോ സമ്മതമോ ഇല്ലാതെ ബെന്നിച്ചന്‍ തോമസ് എന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്വമേധയാ ഇറക്കിയതാണ്, മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് എന്നാണ് സര്‍ക്കാരിന്റെ വാദം. ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥനെ നവംബര്‍ 7ന് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഒറ്റനോട്ടത്തില്‍തന്നെ ഈ വാദം പച്ചക്കള്ളമാണ് എന്നു കാണാം. അന്തര്‍ സംസ്ഥാന നദീ ജല തര്‍ക്കങ്ങള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ്. മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന അതിനിര്‍ണായക വിഷയവുമാണ്. കേരള റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം അന്തര്‍ സംസ്ഥാന വിഷയങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടതും, തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതും മന്ത്രിസഭയാണ്. വനം മന്ത്രി അറിയാതെ, വകുപ്പിലെ വെറുമൊരു ഉദ്യോഗസ്ഥന്‍ മാത്രമായ വൈല്‍ഡ് ലൈഫ് വാര്‍ഡന് ഇത്ര നിര്‍ണായകമായ തീരുമാനം എടുക്കാന്‍ ഒരിക്കലും കഴിയില്ല.
യഥാര്‍ഥത്തില്‍, വനം-ജലസേചന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പരിപൂര്‍ണമായ അറിവും സമ്മതവും മാത്രമല്ല, അവരുടെ നേതൃത്വത്തിലാണ് മരംമുറി സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായത് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. നവംബര്‍ ഒന്നിന് ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന്റെ ചേംബറില്‍ യോഗം നടന്നതായി, തമിഴ്‌നാടിന് മരംമുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നവംബര്‍ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിന്റെ അനുബന്ധത്തില്‍, ഉത്തരവ് പുറപ്പെടുവിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വ്യക്തമായി പറയുന്നുണ്ട്. ആ കുറിപ്പില്‍ ഇങ്ങനെ പറഞ്ഞിരുന്നു: ‘മുല്ലപ്പെരിയാര്‍ ബേബിഡാം പരിസരത്തെ പാട്ടഭൂമിയിലെ 40 സെന്റ് സ്ഥലത്തുള്ള 15 മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാനും തൈകളും അടിക്കാടും വെട്ടിമാറ്റുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഉത്തരവ് അങ്ങയുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നു’. ഇതുകൂടാതെ, പറമ്പിക്കുളം ആളിയാര്‍ കരാര്‍ അവലോകനവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 17ന് നടന്ന കേരള-തമിഴ്‌നാട് സംയുക്ത യോഗത്തില്‍ മിനിറ്റ്‌സും ജല വിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറിയും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മരംമുറി ഉത്തരവിനെ കുറിച്ച് നേരത്തെതന്നെ അറിഞ്ഞിരുന്നു എന്നതിന്റെ വ്യക്തമായ മറ്റൊരു തെളിവാണ്. വീഡിയോ കോണ്‍ഫറന്‍സായി നടന്ന ഈ യോഗത്തില്‍ മരം മുറിക്കാനുള്ള അനുമതി പരിഗണനയിലാണ് എന്ന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയ കാര്യവും മിനിറ്റ്‌സിലുണ്ട്.
മാത്രമല്ല, സെപ്തംബര്‍ 15 നും ടി.കെ ജോസിന്റെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും നേതൃത്വത്തില്‍ മരംമുറി സംബന്ധിച്ച
യോഗം നടന്ന കാര്യവും ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച ഏഴ് പേജുള്ള കുറിപ്പില്‍ ഇപ്രകാരം പറയുന്നു: ‘അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അറിവോടെയാണ് നടപടികള്‍ സ്വീകരിച്ചത്. ജലവിഭവ വകുപ്പിനുപുറമെ, വനം വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉത്തരവിനെക്കുറിച്ച് അറിയാമായിരുന്നു. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മരംമുറിക്കാനുള്ള അനുവാദം നല്‍കിയത്’.
ഇതിനേക്കാള്‍ ഞെട്ടിക്കുന്ന വസ്തുത, മരംമുറിക്ക് അനുമതി നല്‍കിയ വിവരം കേരളം സുപ്രീംകോടതിയേയും അറിയിച്ചുവെന്നതാണ്. മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തെ ശക്തിയുക്തം സുപ്രീംകോടതിയില്‍ എതിര്‍ത്തുപോന്ന കേരളം, ആ എതിര്‍പ്പ് അവസാനിപ്പിച്ച് മരംമുറിക്ക് അനുവാദം നല്‍കിയ വിവരം, ഒക്ടോബര്‍ 27ന് സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്റിങ് കൗണ്‍സല്‍ ജി. പ്രകാശ് കോടതിയെ ഒരു കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. ഇത് കൂടാതെ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മരംമുറി സംബന്ധിച്ച വിവരം നേരത്തെ അറിഞ്ഞിരുന്നു. മരംമുറി അനുമതിക്കായി വനം മേധാവി പി.കെ കേശവന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ എന്നിവര്‍ക്ക് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി 3 കത്തുകളാണ് എഴുതിയത്.
ഇപ്പറഞ്ഞതില്‍നിന്ന് ഒരു കാര്യം അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാകുന്നുണ്ട്. മരംമുറിക്ക് അനുവാദം നല്‍കി തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള തീരുമാനത്തിന് ചുക്കാന്‍പിടിച്ചത് ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹയുമാണ്. ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും, ഇത്രയേറെ നിര്‍ണായകമായ തീരുമാനം സ്വമേധയാ എടുക്കാനാവുമോ? ഒരിക്കലുമില്ല, മരംമുറിക്കുള്ള തീരുമാനം നയപരമാണ്. ആ തീരുമാനം എടുത്തിട്ടുള്ളത് ജലസേചന-വനം മന്ത്രിമാരുടെ അറിവും സമ്മതത്തോടെയുമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് മന്ത്രിമാര്‍ക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല.