ന്യൂഡല്‍ഹി: ഫോണിന്റെ പാസ് വേഡ് നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ പാര്‍ട്ണര്‍ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. ന്യൂഡല്‍ഹിയിലാണ് സംഭവം നടന്നത്. മംമ്ത ശര്‍മ്മയെന്ന 35വയസ്സുകാരിയെയാണ് 39കാരനായ പാര്‍ട്ണര്‍ ബ്രഹ്മപാല്‍ സിങ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്.
ഇവര്‍ രണ്ടുപേരും ലിവിങ് ടുഗതറിലായിരുന്നു. യുവതിയുടെ ഫോണിലേക്ക് വരുന്ന കോളുകളെക്കുറിച്ചുള്ള സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതര്‍ക്കത്തിന് ഒടുവില്‍ യുവതിയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
െ്രെപവറ്റ് സെക്യൂരിറ്റി ഗാര്‍ഡിലെ ജീവനക്കാരിയാണ് മരിച്ച മംമ്ത. ഇവരുടെ പതിനേഴുകാരനായ മകന്‍ ഫ്‌ലാറ്റില്‍ എത്തിയപ്പോളാണ് മരണത്തോട് മല്ലടിച്ചു കിടക്കുന്ന മംമ്തയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ബ്രഹ്മപാല്‍ സിങ്ങാണ് കൊലപാതകം നടത്തിയതെന്ന് സംശയിച്ച പൊലീസ്, ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൃത്യം പുറത്തുവന്നത്.
മൂന്നുവര്‍ഷം മുമ്പാണ് ആദ്യ ഭര്‍ത്താവില്‍ നിന്ന് മംമ്ത വിവാഹ മോചിതയായത്. രണ്ടുവര്‍ഷം മുമ്പ് വിവാഹിതനും മൂന്ന് മക്കളുടെ അച്ഛനുമായ ബ്രഹ്മപാല്‍ സിങ്ങിനൊപ്പം താമസമാക്കിയത്.
ബന്ധം തുടര്‍ന്നുപോകുന്നതില്‍ മംമ്ത താത്പര്യം കാണിക്കാതെ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സിങ്ങിന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കളില്‍ നിന്നും നിരന്തരം സമ്മര്‍ദമുണ്ടായതോടെയാണ് ബന്ധം ഉപേക്ഷിക്കുന്നതിനെ കുറിച്ച് മംമ്ത ആലോചിച്ചത്. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ സിങ് സമ്മതിച്ചില്ല. മറ്റൊരാളുമായി മംമ്ത അടുപ്പത്തിലാണെന്ന് സിങ്ങിന് സംശയമുണ്ടായിരുന്നു.