X

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ആഢംബര ജീവിതം; 20കാരന്‍ സ്വന്തമാക്കിയത് BMW ബൈക്ക്

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഉറവിടം തേടി കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി പൊലീസ്. എറണാകുളം വാഴക്കാല സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത നാല് കോടിയിലേറെ രൂപ കൈമാറ്റം ചെയ്യാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരിലുള്ള അക്കൗണ്ടിലൂടെ 650-ഓളം ഇടപാടുകള്‍ നടത്തി പണം കൈമാറ്റം ചെയ്തതായി കണ്ടെത്തി.

കോടിക്കണക്കിന് രൂപ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടെന്ന് പോലീസ് കണ്ടെത്തി. എറണാകുളം വാഴക്കാല സ്വദേശിയെ കബളിപ്പിച്ച് എടുത്ത 4.11 കോടി രൂപ 480 അക്കൗണ്ടുകള്‍ വഴിയാണ് കൈമാറ്റം ചെയ്തത്. ഈ അക്കൗണ്ടുകളിലൂടെ 650 ഇടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ഒരു കോടി രൂപ നിലവിലുള്ള അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.രാജസ്ഥാന്‍ പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും തട്ടിപ്പുകാര്‍ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലേക്ക് പണം എത്തിച്ചതായി കണ്ടെത്തി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പണവും ആഡംബരവും വാഗ്ദാനം ചെയ്ത് സംഘത്തില്‍ ചേര്‍ത്താണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പ് സംഘത്തില്‍പ്പെട്ട 20 വയസ്സുകാരന്‍ ബിഎംഡബ്ലിയു ബൈക്ക് വാങ്ങിയതോടെ സമപ്രായത്തിലുള്ള കൂടുതല്‍ കുട്ടികളെ സംഘത്തിലേക്ക് എത്താന്‍ കാരണമായി.

സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായി ബാങ്കുകളില്‍ ആരംഭിച്ച കുട്ടികളുടെ അക്കൗണ്ടുകള്‍ പോലും തട്ടിപ്പുകാര്‍ ഉപയോഗിച്ചു എന്നത് ഞെട്ടിക്കുന്ന വിവരമാണ് ബാങ്കുകളില്‍ ഇത്തരം അക്കൗണ്ടുകള്‍ തുടങ്ങാനായി സഹായിച്ച ആളുകളെയും അന്വേഷണപരിധിയില്‍ കൊണ്ടുവരാനാണ് പോലീസിന്റെ തീരുമാനം.

 

webdesk17: